News
കോവിഡിനെ തുടര്‍ന്ന് അമോല്‍ പലേക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ സിനിമാ ലോകം
കോവിഡിനെ തുടര്‍ന്ന് അമോല്‍ പലേക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ സിനിമാ ലോകം
സിനിമാ ലോകത്തെ തന്നെ സങ്കടത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അംബിക, പൂര്‍ണിമ ജയറാം എന്നിവരോടൊപ്പം ഓളങ്ങള്‍ എന്ന ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ച അതുല്യ പ്രതിഭയാണ് അമോല്‍ പലേക്കര്‍. ഇപ്പോഴിതാ കോവിഡിനെ തുടര്‍ന്ന് അമോല്‍ പലേക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. പുണെ ദിനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഗോഖലെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും പേടിക്കാനൊന്നുമില്ലെന്നും അവര്‍ അറിയിച്ചു.
ഇത് അദ്ദേഹത്തിന് സ്ഥിരമായി വരുന്ന ആരോഗ്യപ്രശ്നമാണ്. 10 വര്‍ഷം മുമ്പ് പോലും അമിതമായ പുകവലി കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 200 ഹല്ലാ ഹോ എന്ന ചിത്രത്തിലൂടെ ഈയിടെയാണ് അദ്ദേഹം തിരികെ സിനിമാജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹം അഭിനയിച്ച ‘രജ്നീഗന്ധ’, ‘ചിത്ച്ചോര്’, ‘ഛോട്ടി സി ബാത്’, ‘ഗോള്‍ മാല്’ എന്നിവ ക്ലാസിക് ചിത്രങ്ങളായാണ് കരുതുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തിയ് ഏറെ വാര്‍ത്തയായിരുന്നു. മുംബൈയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്. മുംബൈയിലേയും ബെംഗളൂരുവിലേയും എന്‍ജിഎംഎയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടിയേയാണ് അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചത്.
ബ്യൂറോക്രാറ്റുകളോ സര്‍ക്കാര്‍ ഏജന്റുമാരോ അല്ലാതെ കലാകാരന്മാര് അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയായിരിക്കും ഭാര്വെ എക്സിബിഷനെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ വേദിയിലുണ്ടായിരുന്ന ചിലരും കേള്‍വിക്കാരും പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പ്രഭാകര്‍ ഭാര്‍വെയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നായി ചിലര്‍. ഒരു ഘട്ടത്തില്‍ നിങ്ങള്‍ പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണോ എന്ന് പലേക്കര്‍ ചോദിച്ചു.
ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ അനുസ്മരണാര്ഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗമധ്യേ സര്‍ക്കാരിനെ വിമര്‍ശിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കമ്മിറ്റി പിരിച്ചുവിട്ട് എക്സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ ഒരു സ്ത്രീയും എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്തി. എന്നാല്‍ അദ്ദേഹം നിര്‍ത്തിയില്ല. എഴുത്തുകാരന് നയന്‍താര സാഗലിനെ മറാത്തി സാഹിത്യോത്സവത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിമര്ശിക്കാനിടയുണ്ടെന്ന് മനസ്സിലാക്കി അവസാന നിമിഷം അവര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കി. അത് തന്നെയാണോ ഇവിടെയും ആവര്‍ത്തിക്കാന്‍ നോക്കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.
മലയാളത്തെ കുറിച്ച് പറയാനും നൂറുനാവായിരുന്നു അമോലിന്. താരത്തിന് യേശുദാസിനോടുള്ള പ്രിയവും വാര്‍ത്തകളില്‍ ഇടം പിടിച്ചവയായിരുന്നു. യേശുദാസിനെ ആദ്യമായി ഞാന്‍ അറിയുന്നത് സലീല്‍ ചൗധരി വഴിയാണ്. ഒരിക്കല്‍ സംസാരിക്കുന്ന സമയത്ത് മലയാളത്തില്‍ യേശുദാസ് എന്ന ഗായകനുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടണമെന്നും സലില്‍ദാ പറഞ്ഞു. അതോടെയാണ് യേശുദാസ് എന്ന പേര് എന്റെ മനസ്സിലേക്ക് കയറിവരുന്നത്. സലില്‍ദാ യേശുദാസിനെ വിശേഷിപ്പിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് മാര്‍വലസ് സിങ്ങര്‍.
‘ഛോട്ടി സീ ബാത്ത്’ എന്ന ചിത്രത്തില്‍ യേശുദാസ് ആശാഭോസ്ലെയ്ക്കൊപ്പം പാടിയ ഗാനം വലിയ ഹിറ്റായി. സിനിമയില്‍ എന്റെ ശബ്ദമായി യേശുദാസ് മാറി. ആ ചിത്രവും പാട്ടും അഭിനയജീവിതത്തില്‍ എനിക്കും പുതിയ കുതിപ്പിനുള്ള ഊര്‍ജം തന്നു. പിന്നീട് രവീന്ദ്ര ജെയിനിന്റെ സംഗീതത്തില്‍ ‘ചിറ്റ്ചോറി’ല്‍ പിറന്നുവീണ ഓരോ ഗാനവും യേശുദാസിനും എനിക്കും സിനിമാവ്യവസായത്തില്‍ വലിയ പേരുതന്നു. യേശുദാസിനെപ്പോലെ അനുഗൃഹീതനായ ഗായകന് എന്റെ സിനിമായാത്രയ്ക്കൊപ്പം ഉണ്ടായി എന്നത് എന്നെസംബന്ധിച്ച് വലിയകാര്യമാണ്.
ഓരോ ഗാനവും ചരിത്രമായിമാറി. ഒന്നിനൊന്ന് മെച്ചം. എല്ലാ വാക്കുകളെയും നിശ്ചേതനമാക്കി യേശുദാസ് എന്ന ഗായകന് അനശ്വരനായി. എത്ര സുന്ദരമായ ശബ്ദം എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. അന്നു തുടങ്ങിയ സൗഹൃദം ഇന്നും യേശുദാസുമായി തുടരുന്നു. സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദം കൂടി ഉള്‍ച്ചേര്‍ന്നപ്പോള്‍ അത് വലിയ മായികാനുഭവമാണ് പ്രേക്ഷകരില്‍ തീര്‍ത്തത്. എല്ലാകാലത്തെയും നല്ല കൂടിച്ചേരലായിരുന്നു ഞാനും യേശുദാസും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
