News
ജവാന്മാര്ക്കൊപ്പം വോളിബോള്‍ കളിച്ചും ഡാന്‍സ് കളിച്ചും അക്ഷയ് കുമാര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ജവാന്മാര്ക്കൊപ്പം വോളിബോള്‍ കളിച്ചും ഡാന്‍സ് കളിച്ചും അക്ഷയ് കുമാര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ആരാധകരുളള താരമാണ് അക്ഷയ് കുമാര്‍. ഇപ്പോഴിതാ താരം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇവ പങ്കുവെച്ചിരിക്കുന്നത്. അക്ഷയ് കുമാറും ജവാന്മാരും നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
രാജ്യത്തിന് വേണ്ടി ജീവന് ബലികൊടുത്ത ജവാന്മാരെ ആദരിക്കുന്ന ചടങ്ങിലും അക്ഷയ് കുമാര്‍ പങ്കെടുത്തു. ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ജവാന്മാരെ സന്ദര്‍ശിച്ചതിനൊപ്പം അവര്‍ക്കൊപ്പം വിവിധ പരിപാടികളിലും അക്ഷയ് കുമാര്‍ പങ്കാളിയായി. ജവാന്മാര്ക്കൊപ്പം വോളിബോള്‍ കളിക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ പൃഥ്വിരാജിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നാണ് സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞത്.
എന്നാല്‍ കര്‍ണ്ണി സേനയുടെ ആവശ്യങ്ങള്‍ അവിടെ കഴിഞ്ഞില്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പറഞ്ഞ കാര്യങ്ങളൊന്നും അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിച്ചു. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും കര്‍ണ്ണി സേനക്ക് പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
