Malayalam
സഹിക്കാന്‍ വയ്യാത്തത് കൊണ്ടു വേണ്ടെന്നു വെച്ച സിനിമകളുണ്ട്, ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും താരം
സഹിക്കാന്‍ വയ്യാത്തത് കൊണ്ടു വേണ്ടെന്നു വെച്ച സിനിമകളുണ്ട്, ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും താരം
തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള താരമാണ് കനി കുസൃതി. സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് നിര്‍ബന്ധബുദ്ധിയുളള നടിയല്ല താനെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കനി ഇപ്പോള്‍. സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടെണ്ടാതായ ആശയങ്ങള്‍ സിനിമയില്‍ ആഘോഷിക്കപ്പെടുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും കനി കുസൃതി പറഞ്ഞു. ഗൃഹലക്ഷ്മിയുമായുളള അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം ഇക്കാര്യങ്ങള്‍ പങ്ക് വെച്ചത്.
‘ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത്രയും ചോയ്സുള്ള സ്ഥലത്തല്ല ഞാനുള്ളത്. എങ്കിലും സഹിക്കാന്‍ വയ്യാത്തത് കൊണ്ടു വേണ്ടെന്നു വെച്ച സിനിമകളുമുണ്ട്. പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് ഒക്കെ നോക്കണമെങ്കില്‍ സിനിമയുടെ കഥ മുഴുവന്‍ കേള്‍ക്കണം. അത്തരം അവസരങ്ങള്‍ തന്നെ കുറവാണ്. മുഴുനീളന്‍ കഥാപാത്രമല്ലെങ്കില്‍ കഥ ചോദിച്ചാല്‍ അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കൂവെന്ന് നമ്മളെ കളിയാക്കും. പണം അത്യാവശ്യമുള്ള സമയമായിരിക്കും അപ്പോള്‍ വാദപ്രതിവാദങ്ങള്‍ക്കൊന്നും സ്പേസില്ല.
എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ള ആര്‍ട്ടിസ്റ്റല്ല ഞാന്‍. അങ്ങനെയല്ല കല എന്നും കരുതുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സിനിമ വളരെ ശക്തമായ ഒരു മാധ്യമമായതു കൊണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന മാസ് എന്റര്ടെയ്നര് സിനിമകളിലെ ആവിഷ്കാരങ്ങളില്‍ ശ്രദ്ധ വേണം. നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചു നീക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ നീചമായ ആശയങ്ങള്‍ അത്തരം മാസ് എന്റര്ടെയ്ന്മെന്റുകളില് ആഘോഷിക്കപ്പെടുന്നതില്‍ വിയോജിപ്പുണ്ട്’. എന്നും കനി വ്യക്തമാക്കി.
