Malayalam
പഴയ ലെന മരിച്ചു, ഇത് പുതിയ ലെന; സിനിമ നിര്‍ത്താമെന്ന് പലതവണ ചിന്തിച്ചുവെന്നും ലെന
പഴയ ലെന മരിച്ചു, ഇത് പുതിയ ലെന; സിനിമ നിര്‍ത്താമെന്ന് പലതവണ ചിന്തിച്ചുവെന്നും ലെന
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. ടെലിവിഷനിലും സിനിമയിലുമെല്ലാം ലെന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന നടിയെന്നാണ് ലെനയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലെന. താരത്തിന്റെ യാത്രകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ലെന എന്ന അഭിനേത്രിയെ മലയാള സിനിമ ഇപ്പോഴും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്ന ആരാധകര്‍ ധാരാളമാണ്. ഇയോബിന്റെ പുസ്തകം, എന്നു നിന്റെ മൊയ്തീന് തുടങ്ങിയ സിനിമകളിലെ ലെനയുടെ പ്രകടനം എക്കാലത്തും ഓര്ത്തുവെക്കപ്പെടുന്നവയാണ്. തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ മുതല്‍ വെല്ലുവിളിക്കുന്ന പലതരം കഥാപാത്രങ്ങള്‍ ലെന അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്നും തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന, തന്റെ ഏറ്റവും മികച്ചതെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്ന് ലെന പറയുന്നു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്. അതോടൊപ്പം തന്റെ ടാറ്റുകളെ കുറിച്ചും ലെന മനസ് തുറന്നു. ഈയ്യടുത്ത് ലെന ടാറ്റു കുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അഞ്ച് ടാറ്റുകളാണ് ദേഹത്തുള്ളതെന്ന് ലെന പറയുന്നു. 18-ാമത്തെ വയസിലായിരുന്നു ആദ്യത്തെ ടാറ്റുവെന്നും താരം പറയുന്നു. തന്റെ ടാറ്റുകള്‍ക്ക് പിന്നില്‍ ഒരു കഥയുണ്ടെന്നും ലെന പറയുന്നു. എന്നാല്‍ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. എല്ലാ ടാറ്റുവും കഴിഞ്ഞതിന് ശേഷം മാത്രമേ അത് റിവീല്‍ ചെയ്ത് വരികയുള്ളൂവെന്നാണ് ലെന പറയുന്നത്.
തന്റെ ദേഹത്ത് ആര്‍ഐപി എന്ന് ടാറ്റു ചെയ്തതിനെ കുറിച്ചും ലെന പറഞ്ഞു. ആത്യന്തികമായി പഴയ ലെന മരിച്ചു ഇനി പുതിയ ലെനയാണെന്നുമാണ് അര്‍ത്ഥമെന്നും എന്നാല്‍ എല്ലാ ടാറ്റുവും ആയതിന് ശേഷം മാത്രമേ ആ കഥയിലേക്ക് കടക്കുകയുള്ളൂവെന്നും ലെന പറയുന്നു. പിന്നാലെ താന്‍ ഇടയ്ക്കിടെ സിനിമ നിര്‍ത്താന്‍ തോന്നുന്ന വ്യക്തിയാണെന്നും ലെന പറയുന്നു. രണ്ടാം ഭാവം കഴിഞ്ഞപ്പോഴായിരുന്നു ആദ്യം സിനിമ ഉപേക്ഷിക്കുന്നത്. എന്നാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നു. പഠിച്ച് ജോലി നേടാനായിരുന്നു അന്നത്തെ തീരുമാനം. പിന്നീട് വിവാഹം കഴിച്ചപ്പോഴും സിനിമ നിര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മടങ്ങി വന്നുവെന്നും ലെന പറയുന്നു.
പക്ഷേ എല്ലാത്തിനും ഒടുവില്‍ താന്‍ തിരികെ ഇവിടെത്തന്നെയെത്തിയെന്നും ഇന്നെനിക്ക് സിനിമയെന്തെന്ന് അറിയാമെന്നും സിനിമയെ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും ലെന പറഞ്ഞു. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അതിന്റെ വില മനസ്സിലായില്ലെന്നും പഠിച്ചാലേ നമുക്കെന്തെങ്കിലും ആകാന്‍ പറ്റൂ എന്നായിരുന്നു തന്റെ വിചാരമെന്നും നടി പറയുന്നു. താന്‍ നല്ല പഠിപ്പിസ്റ്റ് ആയിരുന്നു. അങ്ങനെ ഡിഗ്രിക്ക് സൈക്കോളജിക്ക് ചേര്‍ന്നു. പിജി ചെയ്യാന്‍ മുംബൈയിലേക്ക് പോയി. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ വരുന്ന സമയമായിരുന്നു അത്. പിജി കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ആയപ്പോഴാണ് പുസ്തകത്തില്‍ കാണുന്നതല്ല ചുറ്റുമുള്ളതെന്ന് മനസ്സിലായത്, നടി പറഞ്ഞു. ഏറ്റവും ഒടുവിലായി 2018 ല്‍ സിനിമ നിര്‍ത്തി തിരികെ വരുമോ എന്നറിയാത്തൊരു യാത്ര പോകാന്‍ തീരുമാനിച്ചു. തലയൊക്കെ മൊട്ടയടിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും സിനിമയിലേക്ക് എത്തിയെന്നും ലെന പറയുന്നു.
കല്യാണത്തിന്
ശേഷം ആറേഴ് മാസം വെറുതെ വീട്ടിലിരുന്നു. വരുമാനമൊന്നുമില്ലാതെ ഇത്രനാള്‍
വീട്ടിലിരുന്നപ്പോള്‍ ഇത് ശരിയാവില്ലെന്നും എന്തെങ്കിലും പ്രൊഡക്ടീവ് ആയി
ചെയ്യണം എന്നും തോന്നി. അങ്ങനെ ജീവിതത്തില്‍ ഫ്രസ്ട്രേഷന്‍
അനുഭവിക്കാനാരംഭിച്ചു. ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ
നായികാ വേഷത്തിലേക്ക് ഓഫര്‍ വരുന്നത്. കേട്ടപാതി അഭിലാഷിനോട് ചോദിക്കാതെ
തന്നെ ഓകെ പറയുകയായിരുന്നു. അപ്പോഴേക്കും അഭിലാഷിന് പക്വതയൊക്കെ ആയിരുന്നു,
തന്റെ അവസ്ഥ മനസിലാക്കി. ആ സീരിയല്‍ നല്ല ഹിറ്റായി. അങ്ങനെയാണ് സജീവമായി
അഭിനയത്തിലേക്ക് വരുന്നത്. ഇനി മരണം വരെയും ഇവിടുന്ന് പോകില്ലെന്നും ലെന
വ്യക്തമാക്കി.
