Actress
മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി; സന്തോഷം പങ്കുവെച്ച് ലെന
മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി; സന്തോഷം പങ്കുവെച്ച് ലെന
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ആത്മീയതയെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വളരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടിയ്‌ക്കെതിരെ വന്നിരുന്നു.
രണ്ടാഴ്ച മുന്‍പാണ് താന്‍ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല. പ്രശാന്ത് ബാലകൃഷ്ണന്‍നായര്‍ക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തില്‍ ലെന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പ്രണയമല്ല, വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ജീവിതം സമ്മാനിച്ചതിന് ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന.
‘നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആള്‍ക്ക് നന്ദി’ എന്ന് പറഞ്ഞാണ് ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ലെന പങ്കുവച്ചത്. ബര്‍ത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ കണ്ണിലെ തിളക്കം കണ്ടാല്‍ അറിയാം, ഈ ജീവിതം നിങ്ങള്‍ എത്രമാത്രം സന്തോഷത്തോടെയാണ് ജീവിയ്ക്കുന്നതെന്ന് എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ലെനയുടെ പുതിയ ജീവിതത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും ഒരുപാട് വരുന്നുണ്ട്.
പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിങ് കമാന്‍ഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ചിറ്റിലഞ്ചേരി വിളമ്പില്‍ ബാലകൃഷ്ണന്‍ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂര്‍ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്.
പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വേര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കിയിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ലെന. 2004 ജനുവരി 16ന് മലയാള സിനിമയിലെ സ്‌ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.
അതേസമയം, മാനസികാരോഗ്യത്തെക്കുറിച്ചും മുന്‍ജന്മത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ, പ്രതികരണവുമായി നടി ലെന. ഈ ലോകത്ത് മുന്‍ ജന്‍മത്തെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെയാള്‍ താനാണോയെന്ന് നടി ചോദിച്ചു. അങ്ങനെ തോന്നുന്ന രീതിയിലാണ് തനിക്കു ലഭിക്കുന്ന പ്രതികരണങ്ങളെന്ന് ലെന വ്യക്തമാക്കി.
പറഞ്ഞ കാര്യങ്ങളില്‍ ഒരു കുറ്റവും കാണുന്നില്ല. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ചെറിയ വിഡിയോകളും റീലുകളുമായി കാണുമ്പോഴുള്ള തെറ്റിദ്ധാരണയാണ് സംഭവിച്ചിരിക്കുന്നതെന്ന് ലെന വിശദീകരിച്ചു. ഇക്കാര്യത്തില്‍ സൈക്കോളജിസ്റ്റ്‌സ് അസോസിയേഷന്‍ അവരുടെ നിലപാട് വ്യക്തമാക്കിയത് നല്ല കാര്യമാണെന്നും ലെന അഭിപ്രായപ്പെട്ടിരുന്നു.