Malayalam
കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥിയായി എംഎ നിഷാദ്? വാര്‍ത്തകളോട് പ്രതികരിക്കാതെ നിഷാദ്
കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥിയായി എംഎ നിഷാദ്? വാര്‍ത്തകളോട് പ്രതികരിക്കാതെ നിഷാദ്
സംവിധായകന് എംഎ നിഷാദ് കൊല്ലത്ത് നിന്ന് ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയും സിനിമാ രംഗത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചേക്കും. സിനിമാ സംവിധായകനായ എംഎ നിഷാദ് സജീവ സിപിഐ പ്രവര്ത്തകന് കൂടിയാണ്. എട്ട് വര്‍ഷത്തോളമായി കൊല്ലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്ക്കുന്ന നിഷാദ് വിവിധ വിഷയങ്ങളില്‍ തുറന്ന് അഭിപ്രായം രേഖപ്പെടുത്തുന്ന സിനിമാ പ്രവര്ത്തകന് കൂടിയാണ്.
സിപിഐയുടെ സിറ്റിംഗ് സീറ്റായ പുനലൂരില്‍ നിന്നാണ് എംഎ നിഷാദിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലമാണ് പുനലൂര്‍. മൂന്ന് തവണ പുനലൂരില്‍ നിന്ന് കെ രാജു മത്സരിച്ച് ജയിച്ചിട്ടുളളതാണ്. പുനലൂരില്‍ സജീവമായ എംഎ നിഷാദിന് മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറത്തുളള ബന്ധങ്ങളുണ്ട് എന്നതാണ് അദ്ദേഹത്തെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് സിപിഐ ആലോചിക്കാനുളള കാരണം. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നിഷാദ് തയ്യാറായിട്ടില്ല.
സിപിഎമ്മില്‍ നിന്ന് മത്സരിച്ച നടന് മുകേഷും കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും ആണ് കൊല്ലം ജില്ലയില്‍ നിന്നുളള സിനിമാ താരങ്ങളായ ജനപ്രതിനിധികള്‍. മുകേഷ് കൊല്ലം മണ്ഡലത്തില്‍ നിന്നും ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണയും മുകേഷും ഗണേഷ് കുമാറും മത്സര രംഗത്തുണ്ടാവാനാണ് സാധ്യത.
