Malayalam
നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ; എംഎ നിഷാദ്
നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ; എംഎ നിഷാദ്
വ്യത്യസ്തത കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിർത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം വളരെ വലിയ കലക്ഷൻ ആണ് നേടിയത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ ചർച്ചയായിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ 50 കോടി നേടിയ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന അപൂർവത കൂടി ഭ്രമയുഗത്തിനുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയെ വേദിയിലിരുത്തി ‘ഭ്രമയുഗം’ സ്പൂഫ് ചെയ്ത് ട്രോളുകളിൽ ഇടം നേടിയിരിക്കുകയാണ് ടിനി ടോം. വനിത ഫിലിം അവാർഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കൊടുമൺ പോറ്റി ആയി ആയിരുന്നു ടിനി ടോം വേദിയിലെത്തിയത്. പെടുമൺ പോറ്റി എന്ന പേരിലാണ് ടിനി ടോം സ്‌കിറ്റ് അവതരിപ്പിച്ചത്. പിന്നാലെ നാലു ദിക്കിൽ നിന്നും ട്രോളുകളും പരിഹാസങ്ങളും എത്തുകയായിരുന്നു. എ്നനാൽ ഇപ്പോഴിതാ ടിനി ടോമിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.
”ജസ്റ്റ് ഫോർ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ” എന്നാണ് എംഎ നിഷാദ് സ്പൂഫിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
പെടുമൺ പോറ്റിയായുള്ള ടിനിയുടെ പ്രകടനം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സംവിധായകൻ പങ്കുവച്ചത്. ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്‌കിറ്റിൽ പങ്കെടുത്ത മറ്റ് താരങ്ങൾ. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവർ അവതരിപ്പിച്ചത്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് ഭ്രമയുഗത്തിന്റെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
