Malayalam
‘അഞ്ചാം വയസ്സു മുതല്‍ ആ രോഗത്തിന്റെ പിടിയില്‍’ വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍
‘അഞ്ചാം വയസ്സു മുതല്‍ ആ രോഗത്തിന്റെ പിടിയില്‍’ വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. അഞ്ചാം വയസ്സു മുതല്‍ തുടങ്ങിയ തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
”അഞ്ചാം വയസ്സിലാണ് എനിക്ക് ബ്രോങ്കിയല്‍ ആസ്തമ കണ്ടെത്തിയത്. ഇതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മവരുന്നത് ഭക്ഷണത്തില്‍ വരുത്തിയ കടുത്ത നിയന്ത്രണങ്ങളാണ്. തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം പൊടിയും പുകയും ഒക്കെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ എന്റെ രോഗലക്ഷണങ്ങളെല്ലാം വലിയ തോതില്‍ കൂടി. ഇവയെ കൈകാര്യം ചെയ്യാന്‍ ഇന്‍ഹേലറുകള്‍ ഉപയോഗിക്കുകയാണ് ഞാന്‍ ചെയ്തത്. ഉടന്‍ തന്നെ വലിയൊരു മാറ്റം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.
നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗവും അതിന് തയ്യാറാവുന്നില്ല. സോഷ്യല്‍ സ്റ്റിഗ്മയാണ് ഇതിന് കാരണം. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നു എന്നത് മോശം കാര്യമായി കാണേണ്ടതില്ല. ഇക്കാര്യങ്ങള്‍ നാമെല്ലാം മനസ്സിലാക്കണം. ഇതിനായി ഞാന്‍ #SayYesToInhalers എന്ന ക്യാംപെയിന്റെ ഭാഗമാകുന്നു. എന്റെ കൂട്ടുകാര്‍, ഫോളോവേഴ്സ്, കുടുംബം എല്ലാവരോടും എനിക്കൊപ്പം ചേരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.”എന്നും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം തന്നെ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം കാജല്‍ പങ്കിട്ട ചിത്രവും വൈറലായിരുന്നു. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഒരു മെഴുക് മ്യൂസിയത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു താരം പങ്കിട്ടത്.
സിംഗപ്പൂരില്‍ ഉള്ള മെഴുക് മ്യൂസിയത്തിലാണ് ഗൌതം കിച്ലുവും കാജല്‍ അഗര്‍വാളും എത്തിയത്. മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍.
ഉദ്ഘാടനത്തിന് മുമ്പേ മെഴുക് പ്രതിമ കാണാന്‍ ഗൗതം കിച്ലുവിനെയും കാജല്‍ അഗര്‍വാളിനെയും ക്ഷണിച്ചിരുന്നു. അപ്പോള്‍ എടുത്ത ഫോട്ടോയാണ് കാജല്‍ അഗര്‍വാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തനിക്ക് മാത്രമായിട്ടുള്ളത് ഇഷ്ടപ്പെടുന്നുവെന്നാണ് കാജല്‍ അഗര്‍വാള്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിന് പോയപ്പോള്‍ കാജല്‍ അഗര്‍വാള്‍ എടുത്ത ഫോട്ടോകളും വൈറലായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ 2, ഗോസ്റ്റി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാജല്‍.
