Malayalam
‘അച്ഛന് എനിക്ക് വേണ്ടി അത്രയും ത്യാഗം ചെയ്തു’; ബിഗ്സക്രീനില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ട് നന്ദന
‘അച്ഛന് എനിക്ക് വേണ്ടി അത്രയും ത്യാഗം ചെയ്തു’; ബിഗ്സക്രീനില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ട് നന്ദന
ഭ്രമണം എന്ന സീരിയലിലൂടെ മലയാള മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നന്ദന. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തിയതിന്റെ സന്തോഷത്തിലാണ് നന്ദന ആനന്ദ് ഇപ്പോള്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നന്ദനയക്ക് സീരിയലിലേക്ക് ഓഡിഷന് വഴി അവസരം കിട്ടുന്നത്. ഭ്രമണം സീരിയലിലെ പ്രകടനത്തിന് നന്ദനയ്ക്ക് പുരസ്കാരവും ലഭിച്ചിരുന്നു. ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മാരത്തോണ്‍ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് നന്ദന.
‘ഇതുവരെ രണ്ട് മലയാളം സീരിയലുകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിലെ ചെമ്പട്ടും, മഴവില്‍ മനോരമയിലെ ഭ്രമണവും. ഇത് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം ഞാന്‍ ഒരു ബ്രേക്കെടുത്തു. സിനിമയിലേക്കുള്ള എന്‍ട്രിക്ക് വേണ്ടിയാണ് ആ ബ്രേക്ക്. എല്ലാവരും ഒരുപടി മുകളിലേക്കാണല്ലോ ആഗ്രഹിക്കുന്നത്. അതുപോലെ ഞാനും എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. അതിനിടെയാണ് മാരത്തോണ്‍ സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷന് പോവുന്നതും സിനിമയിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും’ എന്നും നന്ദന പറയുന്നു.
‘പാലക്കാട് മനയിലായിരുന്നു ഓഡിഷന്. ഒരു സീന്‍ അഭിനയിക്കാനാണ് അവിടുന്ന് പറഞ്ഞത്. കാമുകനെ നോക്കി കണ്ണുകള്‍ കൊണ്ട് എക്സ്പ്രഷന്‍ ഇടുന്നൊരു സീനായിരുന്നു. അത് ചെയ്തതോടെയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ശിവ ഹരിഹരനാണ് ചിത്രത്തിലെ നായകന്’. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്നതിനാല്‍ മലയാളം സംസാരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ ഡബ്ബിങ് ചെയ്യേണ്ട ആവശ്യമുണ്ടായില്ലെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.
‘അമ്മയും അച്ഛനും ഇടയ്ക്കൊക്കെ പറയും, മലയാളം അല്ലെങ്കില്‍ തമിഴ് എങ്കിലും ചെയ്യൂ എന്ന്. അച്ഛന് എനിക്കു വേണ്ടി ജോലി കളഞ്ഞ ആളാണ്. എന്റെ കരിയറിന് വേണ്ടി അദ്ദേഹം അത്രയും ത്യാഗം ചെയ്തു. അതിനാല്‍ നല്ലൊരു കരിയറിലെത്തി എനിക്കത് തിരിച്ച് കൊടുക്കണമെന്നുണ്ട്’ എന്നും നന്ദന പറയുന്നു.
