News
‘ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് സൂര്യനോട് പ്രാര്‍ത്ഥിക്കും’; ആരാധകര്‍ക്ക് ലോഹ്രി ആശംസകളുമായി കങ്കണ റണാവത്ത്
‘ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് സൂര്യനോട് പ്രാര്‍ത്ഥിക്കും’; ആരാധകര്‍ക്ക് ലോഹ്രി ആശംസകളുമായി കങ്കണ റണാവത്ത്
By
ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ പേജില്‍ തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു കങ്കണ ആശംസകളറിയിച്ചത്. പഞ്ചാബി ശൈത്യകാല നാടോടി ഉത്സവമാണ് ലോഹ്രി. കുട്ടിയായ കങ്കണ പര്‍പ്പിള്‍ നിറത്തിലുള്ള സല്‍വാര്‍ സ്വീട്ടും ധരിച്ചാണ് ചിത്രത്തിലുള്ളത്.
കൂട്ടുകുടുംബത്തിലെ കുട്ടികളാണ് അണുകുടുംബത്തിലെ കുട്ടികളേക്കാള്‍ ഏറെ രസകരമായിരുന്നതെന്ന് പോസ്റ്റില്‍ കങ്കണ പറയുന്നു. കുട്ടിക്കാലത്ത് ഹിമാചലില്‍ ആയിരുന്നപ്പോള്‍ ലോഹ്രി ആഘേഷത്തിന്റെ ഭാഗമായി ഗാനമാലപിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഹ്രി പാടുകയും പണവും മധുരപലഹാരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും കങ്കണ പോസ്റ്റില്‍ പറയുന്നു.
പണ്ട്കാലങ്ങളില്‍ കാട്ടുമൃഗങ്ങളെ അകറ്റാന്‍ തീ കൂട്ടിയിരുന്നതിന്റെ ഓര്‍മ്മയ്ക്കാണ് ലോഹ്രി ആഘോഷിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാന്‍ സൂര്യനോട് പ്രാര്‍ത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്. സ്ത്രീകള്‍ ആ തീയിലേക്ക് എള്ളുവിത്തുകള്‍ എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
തീജ്വാലകള്‍ ആ പ്രാര്‍ത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതല്‍ സൂര്യന് ചൂടുള്ള രശ്മികള്‍ വര്‍ഷിക്കുമെന്നുമാണ് വിശ്വാസം. എള്ളും ശര്‍ക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തയക്കുന്ന ചടങ്ങും ലോഹ്രിയിലുണ്ട്.
