News
‘ഒരിക്കല്‍ ഒരു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!’; ‘തരംഗമായി റോക്കി ഭായ്’
‘ഒരിക്കല്‍ ഒരു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!’; ‘തരംഗമായി റോക്കി ഭായ്’
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കെജിഎഫ് 2 ടീസര്‍. റിലീസായി 14 മണിക്കൂറിനുള്ളില്‍ 2 കോടിയിലധികം പേരാണ് ടീസര്‍ കണ്ടത്. രണ്ട് ലക്ഷത്തിനടുത്ത് കമന്റുകളും മൂന്ന് ലക്ഷത്തിനടുത്ത് ലൈക്കുകളും ടീസര്‍ നേടി. പ്രതീക്ഷിച്ചതു പോലെ തന്നെ നിരാശപ്പെടുത്തിയില്ല എന്നാണ് ടീസര്‍ കണ്ട എല്ലാവരുടെയും അഭിപ്രായം. യാഷിന്റെ പിറന്നാള്‍ ദിനമായ ജനുവരി എട്ടിന് റിലീസ് ചെയ്യാമെന്ന് കരുതിയിരുന്ന ടീസര്‍ ലീക്ക് ആയതോടെ നേരത്തെ തന്നെ റിലീസ് ചെയ്യുകയായിരുന്നു. സംവിധായകന് പ്രശാന്ത് നീല്‍, യാഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ടീസര്‍ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കല്‍ ഒരു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!’ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. രവീണ ടണ്ടണ്, സഞ്ജയ് ദത്ത് എന്നീ ബോളിവുഡ് താരങ്ങളും പ്രകാശ് രാജ്, സോനു ഗൗഡ എന്നിവരും കെജിഎഫ് 2വില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹിറ്റ്മേക്കര് ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ റിലീസിന് എത്തിക്കുന്നത്.
കെജിഎഫ് ചാപ്റ്റര്‍ വണ്ണിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറയുന്ന ചിത്രം 2018 ഡിസംബറിലാണ് റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ ‘കെജിഎഫ് 2 ‘ വിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു എങ്കിലും 90 ശതമാനം രംഗങ്ങളും മുന്‍പേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഓഗസ്റ്റ് 26നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. കന്നഡയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമാണ് കെ.ജി.എഫ്.
