യാഷിന്റെ ജന്മദിനത്തിൽ ആ ദുരന്തം; നെഞ്ചുപൊട്ടി കുടുംബം!!!
By
കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ എന്നാണ് യാഷ് അറിയപ്പെടുന്നത്. 2007 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ യാഷ് അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ കെ ജി എഫിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ജനുവരി 8 ന് യാഷിന്റെ 38-ാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
നടന്റെ ജന്മദിനത്തിന്റെ ഭാഗമായി ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ഹനുമന്ത് ഹരിജൻ (24), മുരളി നടുവിനാമണി (20), നവീൻ ഗാജി (20) എന്നിവരാണ് മരിച്ചത്.
അതേസമയം പരിക്കേറ്റ രണ്ടുപേരെ തുടർ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരായ പത്തു യുവാക്കള്‍ ചേര്‍ന്നാണ് 25 അടിയോളം വലിപ്പത്തില്‍ താരത്തിന്‍റെ മെറ്റല്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ശ്രമിച്ചത്.
ബാനർ സ്ഥാപിക്കുന്നതിനിടെ മെറ്റൽ ഫ്രെയിം മുകളിലൂടെയുള്ള വൈദ്യുതലൈനില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ മുന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ നിലവിളികേട്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ഷിരഹട്ടി എം.എല്‍.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി കാര്യവിവരങ്ങള്‍ അന്വേഷിച്ചു. മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മെറ്റാലിക് ഫ്രെയിം ബാനറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ചന്ദ്രു ലമാനി പറഞ്ഞു. മരിച്ച ആരാധകരുടെ കുടുംബങ്ങളെ സന്ദർശിക്കാന്‍ യഷിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്ന് മന്ത്രി എച്ച് കെ പാട്ടീൽ ബെംഗളൂരുവിൽ പറഞ്ഞു.
അതേ സമയം യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു. ടോക്സിക് ആണ് യാഷിന്‍റെ അടുത്ത ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസംബർ 8 നാണ് വെളിപ്പെടുത്തിയത്. 2025 ഏപ്രിലിൽ റിലീസ് ചെയ്യുന്നത്.