News
സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത്; കേന്ദ്രത്തിന് എവിടെയോ പിഴച്ചുവെന്ന് അനുപം ഖേര്‍
സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത്; കേന്ദ്രത്തിന് എവിടെയോ പിഴച്ചുവെന്ന് അനുപം ഖേര്‍
വളരെ കാലമായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന്‍ അനുപം ഖേര്‍. എന്നാല്‍ രാജ്യത്തെ കോവിഡ് അവസ്ഥ അതീവ ഗുരുതരമായതോടെ സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിയെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുപം ഖേര്‍.
കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചന ഉയരുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഒഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ ക്ഷുബിതരാകേണ്ടിയിരിക്കുന്നു. സംഭവിച്ചതിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് സമ്മതിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആകെ ബാധിച്ചിരിക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളില്‍ ഒരാളാണ് അനുപം ഖേര്‍.
ഹീല്‍ ഇന്ത്യ എന്ന ഫൗണ്ടേഷനിലൂടെ രാജ്യത്ത് ആവശ്യമായ ഓക്സിജന്‍, വെന്ററിലേറ്ററുകള്‍ എന്നിവ എത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബിജെപി എംപി കൂടിയാണ്.
