Malayalam
വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്, മാതൃ ദിനത്തില്‍ അമ്മയെ കുറിച്ച് പറഞ്ഞ് മഞ്ജു പത്രോസ്
വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്, മാതൃ ദിനത്തില്‍ അമ്മയെ കുറിച്ച് പറഞ്ഞ് മഞ്ജു പത്രോസ്
ലോക മാതൃദിനമായി ആഘോഷിക്കുന്ന ഇന്ന് നിരവധി പേരാണ് അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയത്. ഒരു അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും എല്ലാം നന്ദിയോടെ ഓര്‍ക്കുന്ന ദിനത്തില്‍ തന്റെ അമ്മയെ കുറിച്ച് പറയുകയാണ് മഞ്ജു പത്രോസ്.
തന്നെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കാന്‍ പോലും ഭക്ഷണം ഇല്ലാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും, വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
എന്റെ റീത്താമ്മ… 18മത്തെ വയസില്‍ കല്യാണം കഴിച്ചു. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തില്‍ നിന്ന് കൂടുതല്‍ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ കഴിക്കാന്‍ പോലും ഇല്ലാതിരുന്ന അവസ്ഥ.വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്..
ഒരുങ്ങി നടക്കാന്‍ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല.ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയില്മിഷ്യന് ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതില്‍ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളര്‍ത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു.. പാവം ഇപ്പോഴും ഫ്രീ ആയിട്ടില്ല.
ഞാനും എന്റെ ആങ്ങളയും കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകള്‍ കൊടുത്തിട്ടുണ്ട്.ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവര്‍ക്കും കൂടി ആണ് ആഗ്രഹങ്ങള്‍.. കൊതികള്.. കാണാത്ത കാഴ്ചകള്‍..
കൊതിയുള്ള ഡ്രെസ്സുകള്‍.. എല്ലാം കൊടുക്കണം.. ഇപ്പോള്‍ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്.. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്. അതും ഈ വര്‍ഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കില്‍ പിന്നെ എന്തിനാണല്ലേ നമ്മള് മക്കള്‍.. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും നിറഞ്ഞ സ്നേഹം എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവ് സുനിച്ചനുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്.
എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങള്‍ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് ചുട്ടമറുപടി നല്‍കാനും മഞ്ജുവിന് അറിയാം. കഴിഞ്ഞ ദിവസം തന്റെ പോസ്റ്റുകളില്‍ സ്ഥിരമായി കമന്റിടുന്നൊരാളെ മഞ്ജു തുറന്നു കാണിച്ചിരുന്നു.
കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്..
ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം. കോണ്ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. പിന്നാലെ ഇയാളെ കണ്ടെത്തിയെന്നും എന്നാല്‍ വിളിച്ച് ഫോണ്‍ എടുക്കുന്നില്ലെന്നും മഞ്ജു അറിയിച്ചിരുന്നു.
