Malayalam
കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ‘കുറുപ്പ്’ എത്തുന്നത് അഞ്ച് ഭാഷകളില്‍
കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ‘കുറുപ്പ്’ എത്തുന്നത് അഞ്ച് ഭാഷകളില്‍
ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ‘കുറുപ്പ്’. മുപ്പത്തിയഞ്ച് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ദുല്‍ഖറിന്റെ കന്നട അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.
ദുല്‍ഖറിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം, റെക്കോര്‍ഡ് തുകയ്ക്ക് ചിത്രം ഒടിടി റിലീസിനെത്തുന്നതായുള്ള വിവരങ്ങള്‍ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചെലവഴിച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.