Connect with us

മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്; ആ ദ്രോഹികൾ എന്നോട് പറഞ്ഞില്ല; ശ്രീകുമാരൻ തമ്പിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!

Malayalam

മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്; ആ ദ്രോഹികൾ എന്നോട് പറഞ്ഞില്ല; ശ്രീകുമാരൻ തമ്പിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!

മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്; ആ ദ്രോഹികൾ എന്നോട് പറഞ്ഞില്ല; ശ്രീകുമാരൻ തമ്പിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ വരികൾ എത്രകേട്ടാലും പുതുമ നിറഞ്ഞതാണ്. ഹൃദയഗീതങ്ങളുടെ കവി എന്നാണ് ശ്രീകുമാരൻ തമ്പി അറിയപ്പടുന്നത്. പ്രണയത്തെ അത്രമേൽ ആഴത്തിൽ വരികളിലൂടെ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കാലാന്തരങ്ങൾക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞ് നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ വരികൾ. തലമുറകളുടെ ഹൃദയസരസ്സുകളിൽ ഇടം നേടിയ നിത്യ സുന്ദര ഗാനങ്ങൾ. മൂവായിരത്തിലേറെ ഗാനങ്ങൾ വിരിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ തൂലികയിൽ.

അകലെയകലെ നീലാകാശം…, ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന…, ഹൃദയസരസ്സിലേ…, ചന്ദ്രികയിലലിയുന്നു…, ഉത്തരാസ്വയംവരം…, പാടാത്ത വീണയും… തുടങ്ങി നിരവധി അനവധി മനോഹര ​​ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ സൃഷ്ടികളാണ്. പതിറ്റാണ്ടുകൾ ഏറെ പിന്നിട്ടിട്ടും ഒരു പൈതൃകം എന്നോണം ഈ പാട്ടുകൾ തലമുറകൾ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും നിത്യയൗവ്വനത്തിലാണ് ഈ ഗാനങ്ങൾ എന്ന് പറയാം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ എൺപത്തി രണ്ടാം പിറന്നാൾ. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം നിരവധി പേർ അതുല്യ പ്രതിഭയ്ക്ക് പിറന്നാൾ ആശംസിച്ചു.

എന്നാൽ പിറന്നാൾ ദിനത്തിൽ നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പാണ് ശ്രീകുമാരൻ തമ്പി സോഷ്യൽമീ‍ഡിയയിൽ ഒരു അറിയിപ്പെന്നോണം പങ്കുവെച്ചത്. ‘ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു’ എന്നാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചത്.

രാവിലെ മുതൽ തനിക്ക് ആശംസകൾ അറിയിക്കുന്നവർക്കുള്ള വേദന നിറഞ്ഞ മറുപടിയായിരുന്നു അത്. മകന്റെ മരണം ശ്രീകുമാരൻ തമ്പിയെ വല്ലാതെ തളർത്തിയിരുന്നു. 2009 മാർച്ച് 20 നാണ് ശ്രീകുമാരൻ തമ്പിയുടെ മകൻ രാജ്കുമാർ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

മകന്റെ വേർപാടിനെ കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞത് മകൻ മരിച്ചപ്പോൾ‍ യഥാർഥത്തിൽ താനും മരിച്ചെന്നാണ്. ‘ലോകത്തിൽ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് ഞാൻ അനുഭവിച്ചത്. മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്. ആ ദ്രോഹികൾ എന്നോട് പറഞ്ഞില്ല.

അന്നും ഞാൻ പതിവുപോലെ ക്ഷേത്രത്തിൽ പോയി അവന് വേണ്ടി പ്രാർഥിച്ചു. അവൻ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. അവന് വേണ്ടി ഞാൻ പ്രത്യേക വഴിപാട് കഴിപ്പിച്ചു. മകന് വേണ്ടിയാണ് അർച്ചന നടത്തുന്നതെന്നു ഞാൻ പൂജാരിയോടു പറഞ്ഞിരുന്നു. അദ്ദേഹം പ്രസാദം എന്റെ കയ്യിലേക്ക് നൽകിയപ്പോൾ അത് പെട്ടെന്ന് താഴെ വീണു ചിതറിപ്പോയി. അങ്ങനൊരു അപൂർവ സംഭവം ഉണ്ടായപ്പോൾ എനിക്കു വലിയ വിഷമം തോന്നി.’

‘വീട്ടിലെത്തി ടെലിവിഷൻ തുറന്നപ്പോഴാണ് തെലുങ്കിലെ യുവസംവിധായകൻ രാജ് ആദിത്യ അന്തരിച്ചു എന്ന വാർത്ത കണ്ടത്. അത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. മരണവിവരം വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകൻ. അവൻ പോയതോടെ എല്ലാ ആഘോഷവും നഷ്ടപ്പെട്ടു. എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്ക് സ്നേഹവും നന്ദിയുമില്ല. എന്റെ 69ആം വയസിലാണ് അവൻ മരിച്ചത്.

അന്ന് എന്റെ എല്ലാ സന്തോഷവും ആഘോഷവും അവസാനിച്ചു. പല വിട്ടുവീഴ്ചകളും ചെയ്യാൻ ഞാൻ തയാറായത് പോലും മോന്റെ വേർപാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും തീക്ഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാർഥത്തിൽ ഇത് എന്റെ രണ്ടാം ജന്മമാണ്’ എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട് നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയത്. ‘എന്നാലും ഞങ്ങളും മക്കളല്ലേ. ഞങ്ങൾക്ക് ആഘോഷിക്കാൻ അവകാശമുണ്ട്’ എന്നാണ് അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാൾ കമന്റായി കുറിച്ചത്.

about sreekumaran thambi

More in Malayalam

Trending

Recent

To Top