Malayalam
ഞാന്‍ അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു; ഞാന്‍ വന്നപ്പോൾ… ; ഓൺസ്ക്രീനിൽ ഒപ്പം നിന്ന ലളിതയെ കുറിച്ച് ഇന്നസെന്റ്!
ഞാന്‍ അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു; ഞാന്‍ വന്നപ്പോൾ… ; ഓൺസ്ക്രീനിൽ ഒപ്പം നിന്ന ലളിതയെ കുറിച്ച് ഇന്നസെന്റ്!
ഇന്ന് സിനിമാ ലോകം കെപിഎസി ലളിതയുടെ വിയോഗ വാർത്തയിൽ വേദനിക്കുകയാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ നിറഞ്ഞുനിന്ന കെപിഎസി ലളിത കൂടുതൽ നായികയായത് ഇന്നസെന്റിന്റെ ഒപ്പമായിരുന്നു.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍ സ്ക്രീന്‍ ജോഡികളിലൊന്നാണ് കെപിഎസി ലളിതയും ഇന്നസെന്റും. മണിച്ചിത്രത്താഴിലെ ഇരുവരുടെയും അഭിനയം പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. കണ്ണ് നനയിച്ചിട്ടുള്ള വേഷങ്ങളും ധാരാളം.. ഇന്നിതാ മലയാള സിനിമയ്ക്ക് നഷ്ടമായത് തങ്ങളുടെ അഭിനയ വിസ്മയത്തെ തന്നെയാണ്.
കെപിഎസി ലളിതയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇന്നസെന്റ്. ഒരു പ്രമുഖ നല്കിയ അഭിമുഖത്തിലായിരുന്നു ഇന്നസെന്റ് മനസ് തുറന്നത്. ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്ന ഒരാളാണ് അപ്രത്യക്ഷമായത് എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം പൂർണ്ണമായി… !
“താന്‍ നിര്‍മിച്ച ആദ്യ സിനിമ മുതല്‍ തുടങ്ങിയ സൗഹൃദ ബന്ധമാണ് യാത്രയായതെന്നാണ് കെപിഎസി ലളിതയുടെ വിയോഗത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. പലപ്പോഴും സിനിമയില്‍ അഭിനയിക്കാനുള്ള യാത്രയ്ക്കു മുന്‍പുപോലും ലളിത വിളിച്ച് യാത്ര ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും തങ്ങള്‍ സിനിമയെ കുറിച്ചല്ല സംസാരിച്ചിരുന്നതെന്നും മിക്കപ്പോഴും കുട്ടികളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെന്നും ഇന്നസെന്റ് പറയുന്നു. താന്‍ നിര്‍മിച്ച ‘ഓര്‍മയ്ക്കായ്’ എന്ന ചിത്രം സംവിധാനം ചെയ്തത് ഭരതനായിരുന്നു. അന്നു ചെന്നൈയില്‍ വച്ചാണ് ലളിതയെ ആദ്യം കാണുന്നതെന്നാണ് ഇന്നസെന്റ് പറയുന്നത്.
വലിയൊരു സൗഹൃദത്തിനു തുടക്കമാവുകയായിരുന്നു ആ കൂടിക്കാഴ്ച. ലളിതയും ഭരതനും തങ്ങളുടെ കുടുംബവുമായി ചേര്‍ന്നു നിന്നു. താന്‍ കാണുമ്പോഴേ ലളിത വലിയ നടിയാണ്. പക്ഷെ തന്നെ സ്വീകരിച്ചത് എത്രയോ കാലം പരിചയമുള്ള സുഹൃത്തിനെപ്പോലെയായിരുന്നുവെന്നും ഇന്നസെന്റ് ഓര്‍ക്കുന്നുണ്ട്. താന്‍ അന്ന് സിനിമയിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. ലളിതയെ പോലൊരു നടിയ്ക്ക് തന്നെ അത്രയ്ക്ക് പരിഗണിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അ്ദ്ദേഹം പറയുന്നു. പിന്നീട് താനും നടനായി മാറി.
എത്രയോ സിനിമകളില്‍ ലളിതയുമായി ചേര്‍ന്ന് അഭിനയിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് ആരാണ് കൂടെ അഭിനയിക്കേണ്ടതെന്നു തിരക്കഥാകൃത്തോ സംവിധായകനോ ചോദിക്കുമ്പോള്‍ ലളിത ആയാല്‍ നന്നാകുമെന്നു ഞാന്‍ പറയുമായിരുന്നു. അതിനു മുന്‍പോ അതിനു ശേഷമോ ഞാന്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് പറയുന്നു. അതിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അതു സ്നേഹം കൊണ്ടോ അടുപ്പം കൊണ്ടോ മാത്രമായിരുന്നില്ല. ലളിത അപ്പുറത്തു നില്ക്കുമ്പോള് കൂടുതല്‍ മെച്ചപ്പെടാനാകുമെന്ന എന്റെ സ്വാര്‍ഥതയായിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്. ലളിത വടക്കാഞ്ചേരിയിലെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നു കേട്ടപ്പോള്‍ തനിക്കുണ്ടായിരുന്ന അസ്വസ്ഥത ചെറുതായിരുന്നില്ലെന്നും ഇന്നസെന്റ് പറയുന്നു. ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്ന ഒരാളാണ് അപ്രത്യക്ഷമായത്. ലളിത എന്റെ ജീവിതത്തിലെയും സിനിമയിലെയും ധൈര്യവും സൗഹൃദവുമായിരുന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്.
‘ഞാന്‍ അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു. ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല’ എന്ന് പറഞ്ഞാണ് ഇന്നസെന്റ് നിര്‍ത്തുന്നത്. കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.
മോഹന്‍ലാലും മമമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ അവസാനമായി കെപിഎസി ലളിതയെ കാണാനെത്തിയിരുന്നു. മഞ്ജു വാര്യര്‍, നവ്യ നായര്‍, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ച് ഇന്നലെ രാത്രി പത്തേ മുക്കാലോടെയായിരുന്നു കെപിഎസി ലളിതയുടെ മരണം. അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തുന്നത്.
about kpac lalitha
