Malayalam
“കെപി ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ ഇത് മാഹാ വൃത്തികേടായിരിക്കും; പോയി വണ്ണം വച്ചിട്ടു വാ…; മഹേശ്വരിയമ്മ കെപിഎസി ലളിത ആയ കഥ !
“കെപി ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ ഇത് മാഹാ വൃത്തികേടായിരിക്കും; പോയി വണ്ണം വച്ചിട്ടു വാ…; മഹേശ്വരിയമ്മ കെപിഎസി ലളിത ആയ കഥ !
മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞിരിക്കുകയാണ്. സിനിമാ സീരിയൽ ലോകത്തുനിന്നും ജനങ്ങളുടെ ഇടയിൽ നിന്നും ഒറ്റ വാക്കാണ് ഉയരുന്നത്, ” ഒഴിഞ്ഞത് അരങ്ങു മാത്രം, ഉള്ളിൽ എന്നുമുണ്ടാകും ഈ ലളിത ജീവിതം. “
താന്‍ നിന്നിരുന്ന ഇടം എന്നന്നേക്കുമായി ഒഴിച്ചിട്ട് മലയാളികളുടെ ലളിതാമ്മ പോകുമ്പോള്‍ ഓര്‍മ്മകളില്‍ എണ്ണിയാലൊടുങ്ങാത്ത അത്ര കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നിറയുകയാണ്. സിനിമാക്കഥ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായൊരു ജീവിതം കൂടിയായിരുന്നു കെപിഎസി ലളിതയുടേത്. മഹേശ്വരിയമ്മ എന്ന പേര് കെപിഎസി ലളിതയായതിന് പിന്നിലും അങ്ങനൊരു കഥയുണ്ട്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കെപിഎസി ലളിത തന്നെ തന്റെ നാടക അരങ്ങേറ്റത്തെക്കുറിച്ചും സിനിമ പ്രവേശനത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു. എഴാം ക്ലാസ് കഴിഞ്ഞതോടെ പഠനം നിര്‍ത്തുകയായിരുന്നു കെപിഎസി ലളിത. ഇതോടെയാണ് നടിയായി മാറുന്നത്. അച്ഛന് അനന്തന് നായര്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. പത്ത് വയസ് മുതല്‍ തന്നെ നൃത്തം പഠിച്ചിരുന്നു ലളിത. ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് ട്രൂപ്പിലെ പ്രധാന നര്‍ത്തകിയായി മാറിയ തന്റെ മനസില്‍ നാടകവും കടന്നു കൂടിയിരുന്നുവെന്നാണ് കെപിഎസി ലളിത പറയുന്നത്.
നൃത്ത പരിപാടിയ്ക്ക് ശേഷം നടക്കുന്ന നാടകം കണ്ടും കേട്ടുമാണ് നാടകത്തോടുള്ള ഇഷ്ടം മനസില്‍ മുളയിടുന്നത്. അച്ഛന് ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി പെരുന്നയില്‍ രവി സ്റ്റുഡിയോയുടെ മുകളിലെ നിലയിലായിരുന്നു ചങ്ങനാശ്ശേരി ഗീഥ എന്ന നാടക സമിതി പ്രവര്‍ത്തിച്ചിരുന്നത്. അച്ഛന് ചോറ് കൊണ്ടു പോകുമ്പോഴും മറ്റും താന്‍ നാടക സമിതിയില്‍ പോവുകും റിഹേഴ്സലും മറ്റും ക്ാണുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്. അങ്ങനെയിരിക്കെ ഗീഥയുടെ ഉടമയായ ചാച്ചപ്പന് തന്നെ നാടകത്തിന് വിടാമോ എന്ന് അച്ഛനോട് ചോദിക്കുകയായിരുന്നുവെന്നു എന്നാല്‍ അച്ഛന് സമ്മതിച്ചില്ലെന്നും കെപിഎസി ലളിത പറയുന്നു. പക്ഷെ ഒരുപാട് നിര്‍ബന്ധിച്ചതോടെ അച്ഛന് സമ്മതിച്ചു. ഒരു നൃത്ത രംഗത്തില്‍ അഭിനിക്കാനായിരുന്നു സമ്മതിച്ചത്. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അതായിരുന്നു തുടക്കം.
അധികം വൈകാതെ തന്നെ അവര്‍ ഗീഥയുടെ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ആ നാളുകള്‍ അധികം നീണ്ടു നിന്നില്ല. ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഗീഥ പൂട്ടി. ഇതിനിടെ അച്ഛന് സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയിരുന്നു, ലളിതാ സുറ്റിഡിയോ എന്നായിരുന്നു സ്റ്റുഡിയോയുടെ പേര്. ഒരു ദിവസം അച്ഛന് സ്റ്റുഡിയോയുടെ ഡാര്‍ക്ക് റൂമില്‍ തളര്‍ന്നു വീണു. ഫോട്ടോഗ്രാഫി നിര്‍ത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അച്ഛന് തളര്‍ന്നു വീണതോടെ തങ്ങളുടെ കുടുംബചെലവ് അവതാളത്തിലാവുകയായിരുന്നുവെന്നാണ് കെപിഎസി ലളിത പറയുന്നത്.
ഏതൊരു നാടകക്കാരേയും പോലെ കെപിഎസിയിലെ നടിയാവുക എന്നതായിരുന്നു തന്റെ സ്വപ്നമെന്നാണ് കെപിഎസി ലളിത പറയുന്നത്. ഇതിനായി കായംകുളത്തെ കെപിഎസിയുടെ ഓഫീസിലെത്തി ഇന്റര്‍വ്യു നല്കി. എന്നാല്‍ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ലഭിച്ചത്. കുറേപ്പേര്‍ക്ക് നിന്നെ ഇഷ്ടപ്പെട്ടു. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തീരെ വണ്ണമില്ലെന്നാണ് പരാതി. കെപി ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ ശരീരത്തിന് തീരെ എടുപ്പില്ലെങ്കില് മാഹാ വൃത്തികേടായിരിക്കും. അതുകൊണ്ട് പോയി വണ്ണം വച്ചിട്ടു വാ എന്നായിരുന്നു കെപിഎസി സുലേചന തന്നോട് പറഞ്ഞതെന്ന് കെപിഎസി ലളിത ഓര്‍ക്കുന്നുണ്ട്.
പറഞ്ഞത് പോലെ തന്നെ തടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. കുടുംബത്തിന്റെ സ്ഥിതി പക്ഷെ അപ്പോഴും മോശമായിരുന്നു. ഇതിനിടെ ചില നാടകസമിതികളില്‍ നിന്നും അവസരം വന്നുവെങ്കിലും ഒന്നും ശരിയാകില്ല. അങ്ങനെയിരിക്കെയാണ് കോഴിക്കോട് ബഹദൂറിന്റെ സമിതിയില്‍ ലളിതയെത്തുന്നത്. അഡ്വാന്‍സും ലഭിച്ചു. പക്ഷെ തിരികെ വീട്ടിലെത്തിയപ്പോല്‍ ലളിതയെ കാത്ത് ഒരു ടെലഗ്രാം എത്തിയിരുന്നു. കെപിഎസിയില്‍ നിന്നുമായിരുന്നു അത്. വേഗമെത്താനായിരുന്നു അതില്‍ പറഞ്ഞിരുന്നത്. അന്ന് തന്നെ അഡ്വാന്‍സ് തിരികെ അയച്ച് കെപിഎസിയിലേക്ക് പോവുകയായിരുന്നു താന്‍ എന്നാണ് കെപിഎസി ലളിത പറയുന്നത്.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അന്ന് കെപിഎസി കളിച്ചിരുന്ന നാടകങ്ങള്‍. എന്നാല്‍ രണ്ടിലും തനിക്കു വേഷമില്ലായിരുന്നുവെന്നാണ് കെപിഎസി ലളിത ഓര്‍ക്കുന്നത്.. പാട്ടുപാടണമായിരുന്നു. പക്ഷെ താന്‍ ശ്രുതിയും താളവും തെറ്റിച്ചൊക്കെ പാടുമായിരുന്നുവെന്നും അവര്‍ പറയുന്നു. പക്ഷെ അടുത്ത വര്‍ഷം ‘കൂട്ടുകുടുംബം’ എന്ന നാടകത്തില്‍ പ്രധാന വേഷം തോപ്പില്‍ ഭാസിച്ചേട്ടന് നല്കി. ഇതിനൊപ്പം ബി.മഹേശ്വരിയമ്മ എന്ന എന്റെ പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തുവെന്നാണ് കെപിഎസി ലളിത പറയുന്നത്. അങ്ങനെ മഹേശ്വരിയമ്മ മലയാളികളുടെ കെപിഎസി ലളിതയായി മാറുകയായിരുന്നു.
about kpac lalitha
