Actor
ഇനി മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കും… വിശദീകരണവുമായി നടന് അല്ലു അര്ജുന്
ഇനി മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കും… വിശദീകരണവുമായി നടന് അല്ലു അര്ജുന്
ആരാധകര്‍ക്കായി ഒരുക്കിയ പരിപാടി റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇതിന് താരം വിശദീകരണം നടല്‍കിയത്. ഹൈദരാബാദിലെ മദാപൂരിലെ എന്‍ കണ്വെന്ഷന് സെന്ററില്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി റദ്ദാക്കിയ ശേഷം ആരാധകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം വിശദീകരണവുമായി എത്തിയിരിക്കുന്നത്.
200 പേരെ മാത്രം അനുവദിച്ചതിന് പൊലീസിന്റെ അനുമതി വാങ്ങിയ പരിപാടിയുടെ സംഘാടകര്‍ രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തി വിട്ടതോടെയാണ് താരം പരിപാടി റദ്ദാക്കിയത്. പ്രോഗ്രാമും ഫോട്ടോ സെക്ഷനും താരം റദ്ദാക്കുകയായിരുന്നു.
”ഇന്നത്തെ ഒരു ഫാന്‍സ് മീറ്റ് പരിപാടിയില്‍ വച്ച് എന്റെ ആരാധകര്‍ക്ക് പരിക്ക് പറ്റിയ നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് ഞാന്‍ അറിഞ്ഞു. എന്റെ ടീം വ്യക്തിപരമായി സാഹചര്യം നിരീക്ഷിക്കുകയും എന്നെ അറിയിക്കുകയും ചെയ്യുന്നു.”
”ഇനി മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കും. നിങ്ങളുടെ സ്നേഹവും ആരാധനയുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്, ഞാന്‍ ഒരിക്കലും അവയെ നിസാരമായി കാണില്ല” എന്നാണ് താരം കുറിച്ചിരിക്കുന്നത്.
അതേസമയം, അല്ലുവിന്റെ പുഷ്പ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്. 5000 പേര്‍ക്ക് മാത്രം പ്രവേശമുള്ള ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ 15000 പേരെ പങ്കെടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനെതിരെ കേസടുത്തിരിക്കുന്നത്.
