Bollywood
അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ചു! ചെറുപുഞ്ചിരിയോടെ ഷാരൂഖാൻ; താരപുത്രന് ജാമ്യം അനുവദിച്ചതില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഷാരൂഖ് ആരാധകര്‍
അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ചു! ചെറുപുഞ്ചിരിയോടെ ഷാരൂഖാൻ; താരപുത്രന് ജാമ്യം അനുവദിച്ചതില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഷാരൂഖ് ആരാധകര്‍
21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു ഷാരൂഖ് ആരാധകര്‍.
അതോടൊപ്പം തന്നെ ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.
അഭിഭാഷകന് സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ഒപ്പം അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയെയും കാണാം. പുഞ്ചിരിയോടെയാണ് ഷാരൂഖിന്റെ നില്‍പ്പ്. ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയും മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു.
മകനെ അറസ്റ് ചെയ്തപ്പോൾ ഷാരൂഖിന്റെ ആരാധകര്‍ അവരുടെ പ്രിയപ്പെട്ട സൂപ്പര്‍താരത്തിനും കുടുംബത്തിനും പിന്തുണ നല്കി. ഒക്ടോബര്‍ 28 ന്, ആര്യന് ജാമ്യം ലഭിച്ചപ്പോള്‍, കോടതിയുടെ തീരുമാനം ആഘോഷിക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ഒത്തുകൂടി. നിരവധി ആരാധകരും മന്നത്തിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്തു.
ആര്യന്റെ ജാമ്യം ഷാരൂഖിനും ഗൗരിക്കും വലിയ ആശ്വാസമായി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്നത്തിന് പുറത്ത് മുംബൈ പോലീസ് സന്നിഹിതരായിരുന്നു.മുൻപ് രണ്ട് തവണ ആര്യന് ഖാന് ജാമ്യം നിഷേധിച്ചിരുന്നു. 20 ദിവസം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും 5 ദിവസം എന്‍സിബിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിഞ്ഞതിന് ശേഷമാണ് ഒക്ടോബര്‍ 28ന് ഒടുവില്‍ ജാമ്യം ലഭിച്ചത്. ആര് മാധവന്, സോനു സൂദ്, രാം ഗോപാല്‍ വര്‍മ്മ, സ്വര ഭാസ്കര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ആര്യന്റെ ജാമ്യത്തോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.
ആര്യനിൽ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യപരിശോധനാഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചന്റിനും മുൻമുൻ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്
