Malayalam
സീരിയല്‍ കാണുന്നവര്‍ മണ്ടന്മാരാണോ ?, അവർക്ക് നിലവാരമില്ലേ ?; ആരോപണങ്ങളെ തള്ളി ജൂറിയ്‌ക്കെതിരെ കുടുംബവിളക്ക് തിരക്കഥാകൃത്ത്!
സീരിയല്‍ കാണുന്നവര്‍ മണ്ടന്മാരാണോ ?, അവർക്ക് നിലവാരമില്ലേ ?; ആരോപണങ്ങളെ തള്ളി ജൂറിയ്‌ക്കെതിരെ കുടുംബവിളക്ക് തിരക്കഥാകൃത്ത്!
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചക്കപ്പഴത്തിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയും കഥയറിയാതെയിലെ പ്രകടനത്തിന് ശിവജി ഗുരുവായൂര്‍ മികച്ച നടനുമായി മാറി. എന്നാല്‍ മികച്ച പരമ്പരയ്ക്ക് അടക്കമുള്ള സുപ്രധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതുമില്ല . കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെയില്ലെന്നും അതിനാല്‍ പുരസ്‌കാരം നല്‍കേണ്ട എന്നുമായിരുന്നു ജൂറികൾ ഈ കാര്യത്തിൽ അറിയിച്ചത്. സമാനമായ രീതിയില്‍ കഴിഞ്ഞ തവണയും ഈ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല.
ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്നും കുടുംബമായിട്ട് ഇരുന്നു കാണുന്ന പരിപാടികള്‍ എന്ന നിലയ്ക്ക് ഇത് തെറ്റാണെന്നും ജൂറി ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ജൂറിയുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ജൂറിയുടെ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയുണ്ടായി. ഇതിനിടെ ഇപ്പോഴിതാ ജൂറിയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അനില്‍ ബാസ്.
നിലവില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള ഏഷ്യാനെറ്റിലെ പരമ്പരയായ കുടുംബവിളക്കിന്റെ തിരക്കഥാകൃത്താണ് അനില്‍ ബാസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു അനില്‍ ബാസിന്റെ പ്രതികരണം. ജൂറിയുടെ നിലവാരം പരിശോധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സീരിയല്‍ കാണുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് നിലവാരമില്ലെന്നല്ലേ ജൂറി പറഞ്ഞതെന്നും അനില്‍ ബാസ് ചോദിക്കുന്നു. സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്ന പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു.
അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ , “നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവര്‍ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? അവര്‍ സിനിമയിലോ എഴുത്തിലോ വലിയ ആളുകള്‍ ആയിരിക്കും. പക്ഷേ സീരിയലിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.
താന്‍ ജൂറി അംഗങ്ങള്‍ മോശം ആണെന്നല്ല പറഞ്ഞതെന്നും അവരുടെ നിലവാരം പരിശോധിക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. ടെലിവിഷനിലെ വിനോദപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സീരിയലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം? എന്നാണ് അനില്‍ ബാസ് ചോദിക്കുന്നത്. സീരിയലുകള്‍ കാണുന്ന ആളുകള്‍ക്കൊന്നും നിലവാരമില്ലെന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും അനില്‍ ബാസ് അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രികളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുന്ന ഒന്നല്ലേയെന്നാണ് അനില്‍ ബാസ് ചോദിക്കുന്നത്. തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത്രം രംഗങ്ങള്‍ വേണ്ടിവരുമെന്നും അല്ലാതെ പുണ്യാളന്മാരായി അവതരിപ്പിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
സീരിയല്‍ മേഖലയോട് എന്തോ പ്രത്യേക വിരോധം ഉള്ളത് പോലെയാണ് ജൂറി സംസാരിച്ചതെന്നും അനില്‍ ബാസ് പറയുന്നുണ്ട്. അതേസമയം റേറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ മുന്‍പന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയലായ ശ്രീമൊയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കുടുംബവിളക്ക് ഒരുക്കിയിരിക്കുന്നത്. സംഭവബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. പരമ്പര 400 എപ്പിസോഡുകള്‍ പിന്നിട്ടിട്ടുണ്ട്.
about serials
