Malayalam
ആ സ്വപ്നങ്ങൾ നടക്കാതെ പോകുമോയെന്ന് തന്നേക്കാൾ ഭയന്നിരുന്നു നൗഷാദ്! ഒടുവിൽ അതും! ജീവനില്ലാത്ത ശരീരത്തിനടുത്ത് നിൽക്കേണ്ടി വന്നത് ഹൃദയഭേദകം
ആ സ്വപ്നങ്ങൾ നടക്കാതെ പോകുമോയെന്ന് തന്നേക്കാൾ ഭയന്നിരുന്നു നൗഷാദ്! ഒടുവിൽ അതും! ജീവനില്ലാത്ത ശരീരത്തിനടുത്ത് നിൽക്കേണ്ടി വന്നത് ഹൃദയഭേദകം
ഇന്നലെയാണ് പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചത്. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നൗഷാദിന്റെ മരണം. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു.
കുട്ടിക്കാലം മുതൽ തന്റെ സുഹൃത്തും സഹോദരതുല്യനും തന്റെ ചിത്രത്തിന്റെ നിർമ്മാതാവുമൊക്കെയായ നൗഷാദിനെ ഓർക്കുകയാണ് സംവിധായകൻ ബ്ലെസി. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം നിർമ്മിച്ചത് നൗഷാദായിരുന്നു. 2004 ഓഗസ്റ്റ് 27നായിരുന്നു കാഴ്ച റിലീസിനെത്തിയത്. 17 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഓഗസ്റ്റ് 27ന് തന്റെ പ്രിയകൂട്ടുകാരന്റെ മരണവാർത്ത കേൾക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുകയാണ് ഇപ്പോൾ ബ്ലെസി.
“നൗഷാദ് നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ‘കാഴ്ച’ റിലീസ് ചെയ്തത് 2004 ഓഗസ്റ്റ് 27നായിരുന്നു. ഞങ്ങളുടെ സിനിമാ കൂട്ടുക്കെട്ടിന്റെ 17-ാം പിറന്നാളായിരുന്ന ഇന്നലെ അവന്റെ ജീവനില്ലാത്ത ശരീരത്തിനടുത്ത് നിൽക്കേണ്ടി വന്നത് ഹൃദയഭേദകമാണ്,” ബ്ലെസി പറയുന്നു. മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമാസ്വപ്നങ്ങൾ നടക്കാതെ പോകുമോ എന്ന് തന്നേക്കാൾ ഭയന്നിരുന്ന ആളായിരുന്നു നൗഷാദ് എന്നും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് നൗഷാദ് ‘കാഴ്ച’യുടെ നിർമാതാവ് ആയതെന്നും ബ്ലെസി പറയുന്നു.
സിനിമാ നിര്‍മ്മാതാവ് എന്ന നിലയില്‍ രംഗത്തെത്തുന്നതിനു മുന്‍പേ സിനിമാ മേഖലയില്‍ ധാരാളം സുഹൃത്തുക്കളെ നേടിയ ആളായിരുന്നു നൗഷാദ്. പാചക കലയിലെ കൈപ്പുണ്യമായിരുന്നു പല പ്രശസ്‍തരുമായുമുള്ള സുഹൃദ്‍ബന്ധങ്ങളിലേക്കുള്ള നൗഷാദിന്റെ പാലം. മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല അദ്ദേഹത്തെ സംബന്ധിച്ച് സിനിമാ നിര്‍മ്മാണം എന്ന മേഖല. സിനിമയിലെ പല പ്രമുഖരുമായും നേരത്തേ അടുപ്പമുണ്ടായിരുന്നെങ്കിലും ആദ്യചിത്രം ‘കാഴ്ച’യുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ബ്ലെസിയുമായുള്ള കോളെജ് കാലം മുതലുള്ള പരിചയവും സൗഹൃദവും ആയിരുന്നു.
കോളെജില്‍ നൗഷാദിന്റെ സീനിയര്‍ ആയിരുന്നു ബ്ലെസ്സി. പി പദ്മരാജനൊപ്പം അസിസ്റ്റന്റ് ആയി സിനിമാജീവിതം തുടങ്ങിയ ബ്ലെസ്സി ദീര്‍ഘകാലം അസിസ്റ്റന്റ്, അസോസിയേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ആദ്യചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാവുന്ന വ്യത്യസ്തതയുള്ള ചിത്രം ഒരുക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ റോളില്‍ പിന്തുണയുമായെത്തിയത് നൗഷാദ് ആയിരുന്നു. മലയാളസിനിമയില്‍ ഒരു മാറ്റത്തിന്റെ കാലം കൂടിയായിരുന്നു അത്. സൂപ്പര്‍താര ചിത്രങ്ങളുടെ ഉള്ളടക്കങ്ങള്‍ ആവര്‍ത്തനം കൊണ്ട് ചെടിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്ന കാലത്താണ് ‘കാഴ്ച’ എത്തുന്നത്. റോഷന് ആന്‍ഡ്രൂസ് മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി ഒരുക്കിയ ‘ഉദയനാണ് താര’വും ഇതേ കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ്
പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ച ‘കാഴ്ച’ പതിയെയാണ് മികച്ച മൗത്ത് പബ്ലിസിറ്റി നേടി വിജയയാത്ര ആരംഭിച്ചത്. പ്രധാന സെന്ററുകളില്‍ അന്‍പതും നൂറുമൊക്കെ ദിനങ്ങള്‍ പിന്നിട്ട് ചിത്രം നേട്ടം കൊയ്തു. ഒരുപാട് റിപ്പീറ്റ് ഓഡിയന്‍സും ചിത്രത്തിനുണ്ടായി. തിയറ്റര്‍ വിജയത്തിനൊപ്പം നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. അത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡില്‍ അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയ കാഴ്ച ഫിലിംഫെയര്‍ അവാര്‍ഡിലും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിലുമൊക്കെ നേട്ടമുണ്ടാക്കി. എന്‍ എക്സ് വിഷ്വല്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ നൗഷാദിന്റെ നിര്‍മ്മാണ പങ്കാളി ആയത് സേവി മനോ മാത്യു ആയിരുന്നു. നൗഷാദ്, സേവി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഒറ്റയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സംരംഭങ്ങളായും ചട്ടമ്പിനാട്, ബെസ്റ്റ് ആക്റ്റര്‍, ലയണ്‍, സ്പാനിഷ് മസാല, പയ്യന്‍സ് എന്നീ ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചു
