സ്‌ക്രിപ്റ്റ് പോലും വായിച്ചില്ല, ഒരു പകരക്കാരനായിട്ടാണ് മാലിക്കിലേക്ക് എത്തിയത്; ജോജു ജോര്‍ജ്
മാലിക്കിൽ ബിജു മേനോന് പകരമായിട്ടാണ് താൻ സിനിമയിൽ’ എത്തിയതെന്ന് നടന്‍ ജോജു ജോര്‍ജ് പറയുന്നത്. നടന്‍ ബിജു മേനോന്‍ ആയിരുന്നു ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്
മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് തനിക്കറിയില്ല. സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്.
‘ബിജുവേട്ടന്റെ (ബിജു മേനോൻ) ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു. എല്ലാവരും നല്ലപോലെ പണിയെടുത്തിട്ടുള്ള സിനിമയാണിത്.’ – ജോജു പറഞ്ഞു
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്.