Connect with us

തന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവര്‍.., താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംവിധായകന്‍ കമല്‍

Malayalam

തന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവര്‍.., താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംവിധായകന്‍ കമല്‍

തന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവര്‍.., താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംവിധായകന്‍ കമല്‍

സിനിമാ താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സിനിമയിലെ ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്കും ഏറെ സന്തോഷമാണ്. ഇത്തരത്തില്‍ മലയാള സിനിമാ ലോകത്ത് ആഘോഷമായി മാറിയ ഒരുപിടി താര വിവാഹങ്ങളുണ്ട്. സംവിധായകന്‍ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകന്‍മാരും ജീവിതത്തിലും ഒരുമിച്ചത് ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്.

ജയറാം-പാര്‍വതി, ബിജു മേനോന്‍-സംയുക്ത വര്‍മ, ദിലീപ്-മഞ്ജു വാര്യര്‍ എന്നിവരാണ് കമലിന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവര്‍. ദിലീപും മഞ്ജു വാര്യറും വര്‍ഷങ്ങള്‍ക്കിപ്പുറം വേര്‍പിരിഞ്ഞെങ്കിലും ജയറാമും പാര്‍വതിയും ബിജു മേനോനും സംയുക്തയും ഇന്നും സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇതേ കുറിച്ച് സംവിധായകന്‍ പറഞ്ഞത്. പ്രണയങ്ങള്‍ താനും ക്യാമറമാനും കൂടിയാണ് കണ്ട് പിടിക്കുന്നതെന്ന് കമല്‍ പറയുന്നു. ‘അവരുടെ പെരുമാറ്റം കണ്ടാല്‍ നമുക്ക് തോന്നും. സിനിമ തുടങ്ങിയാല്‍ ആര്‍ട്ടിസ്റ്റിനെ കാണുന്നത് കഥാപാത്രങ്ങളായാണ്. പ്രത്യേകിച്ചും ഈ സിനിമകളെല്ലാം പ്രണയ കഥകളാണ്’.

‘അത് അവരെ സ്വാധീനിക്കുന്നുണ്ടാവും. നമ്മള്‍ അതറിയുന്നില്ല. നമുക്ക് തോന്നുന്നത് പിന്നീട് സത്യമായി വരികയും ചെയ്തു. ഈ മൂന്ന് പേരും എന്നോട് പറഞ്ഞില്ല. ജയറാമിനോട് ഞാന്‍ അങ്ങോട്ട് ചോദിച്ചതാണ്. ദിലീപും മഞ്ജുവും എന്നോട് പറഞ്ഞിട്ടേയില്ല. ലാല്‍ ജോസൊക്കെ പറഞ്ഞാണ് ഇങ്ങനെ ഒരു അടുപ്പം അവര്‍ തമ്മിലുണ്ടെന്ന് അറിയുന്നത്. ബിജു മേനോന്റെ പ്രണയം ക്യാമറാമാന്‍ സുകുമാറാണ് കണ്ട് പിടിക്കുന്നത്.

ബസിലൊരു സീനുണ്ട്. ബസിനകത്തെ ഷോട്ട് എടുത്ത് പുറത്ത് ക്യാമറ വെയ്ക്കാന്‍ വേണ്ടി വന്നു. കുറച്ച് സമയമുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ ബസില്‍ നിന്ന് ഇറങ്ങി. പക്ഷെ സംയുക്തയും ബിജുവും ഇറങ്ങുന്നില്ല. സാധാരണ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ ഇരിക്കാറില്ല. ഷോട്ട് കഴിഞ്ഞാല്‍ ഇറങ്ങിപ്പോകും. അവര്‍ രണ്ട് പേരും സീരിയസായി എന്തോ സംസാരിക്കുന്നുണ്ട്’.

‘ക്യാമറമാന്‍ ക്യാമറ വെച്ച് സൂം ചെയ്ത് എന്താണിവര്‍ പറയുന്നതെന്ന് നോക്കി. മനസിലാവില്ലെങ്കിലും ഇവര്‍ മനസ് തുറക്കുകയാണെന്ന് ഊഹിക്കാന്‍ പറ്റും. സുകുമാര്‍ എന്നെ ക്യാമറയിലൂടെ കാണിച്ച് തന്നു. അപ്പോള്‍ തന്നെ മനസിലായി. ഞങ്ങള്‍ അറിഞ്ഞതായി ഭാവിച്ചില്ല. ബിജുവിന് ഇത് മനസിലായി. സംയുക്തയുമായി സംസാരിക്കുമ്പോള്‍ ഞാനും സുകുവും തെറ്റിദ്ധരിക്കുമോ എന്ന് കരുതി ഒഴിഞ്ഞ് മാറുമായിരുന്നു,’ എന്നും കമല്‍ ഓര്‍ത്തു.

2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത അഭിനയ രംഗം വിട്ടു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് സംയുക്ത വിവാഹിതയായി അഭിനയ രംഗം വിട്ടത്. മറുവശത്ത് ജയറാമിനെ വിവാഹം ചെയ്ത പാര്‍വതിയും സിനിമാ രംഗം വിട്ടു. രണ്ട് നടിമാരും പിന്നീട് തിരിച്ച് വരവിന് തയ്യാറായിട്ടില്ല.

ദിലീപ് മഞ്ജു വാര്യര്‍ വിവാഹമാണ് ഇക്കൂട്ടത്തില്‍ ഏറെ വാര്‍ത്തയായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. മലയാള സിനിമാ ലോകം മഞ്ജുവിനെ ആഘോഷിക്കുന്ന കാലമായിരുന്നു അത്. നടി അഭിനയ രംഗം വിട്ടപ്പോള്‍ ആരാധകര്‍ നിരാശരായി. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും.

എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. വിവാഹ മോചനത്തിന് ശേഷം മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചെത്തി. ഇപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിക്കാനിരിക്കുകയാണ് മഞ്ജു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top