Malayalam Breaking News
മരക്കാർ ഓണം റിലീസായി തീയേറ്ററുകളിലേക്ക്! തീയതി പുറത്തു വിട്ട് ആന്റണി പെരുമ്പാവൂർ
മരക്കാർ ഓണം റിലീസായി തീയേറ്ററുകളിലേക്ക്! തീയതി പുറത്തു വിട്ട് ആന്റണി പെരുമ്പാവൂർ
മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തും. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.
2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
നേരത്തെ തന്നെ റിലീസ് തിയതി തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി നീണ്ടുപോയതോടെ ഡേറ്റുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവച്ചിരുന്നു.
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹൻലാല്‍, അര്ജ്ജുന് , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍.
