Malayalam
ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ..പിണറായി വിജയന് ആശംസയുമായി കമൽഹാസൻ
ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ..പിണറായി വിജയന് ആശംസയുമായി കമൽഹാസൻ
ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടും എത്തുന്നത്. ഇപ്പോഴിതാ പിണറായി വിജയന് ആശംസയുമായി എത്തിയിരിക്കുകയാണ് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ.
‘എന്റെ പ്രിയ സഖാവ് പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ’, എന്നാണ് കമലഹാസൻ ഫേസ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
