എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു, ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല.’പിറന്നാൾ ദിനത്തിൽ മനസ്സ് തുറന്ന് മധു !
മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് എൺപത്തിയൊന്നാം പിറന്നാളാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസ്സിൽ നടനായും താരമായും തിളങ്ങിയ മധു എന്ന മലയാളികളുടെ മഹാനടന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാ ലോകം.
ഇപ്പോഴിത തന്റെ എൺപത്തൊന്നാം പിറന്നാൾ ദിനത്തിൽ സിനിമാ-സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ മധു.
‘ആദ്യമായി നാടകം കണ്ടത് മുതല്‍ കലാരംഗത്ത് കുറെ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ചിലതൊക്കെ നേടണമെന്ന അതിയായ ആഗ്രഹം. എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതല്‍ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. നാടകത്തിലൂടെ ഞാനതിന് പരിശ്രമിച്ചു.’
‘വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു.’
അത്യാഗ്രഹങ്ങള്‍ ഒരിക്കലുമുണ്ടായിരുന്നില്ല. കഠിനമായ പരിശ്രമങ്ങളുണ്ടെങ്കില്‍ നേടാവുന്ന സ്വപ്നങ്ങള്‍ മാത്രമെ ഞാന്‍ കണ്ടിരുന്നുള്ളൂ.’
‘ആ സ്വപ്നങ്ങളിലേക്കെല്ലാം വളരെ നേരത്തേ ഞാന്‍ എത്തിച്ചേര്‍ന്നു. അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാന്‍ താൽപര്യം തോന്നുന്നില്ല.’
‘പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാന്‍ കൊടുക്കാറുമില്ല. എന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അതെല്ലാം. കറുത്തമുടിയുള്ളവനെ വൃദ്ധനാക്കാന്‍ നാല് വരവരച്ചാല്‍ മതി.’
‘പക്ഷെ വെളുത്തമുടിയുള്ളവനെ കറുത്ത മുടിയുള്ളവനാക്കാന്‍ മുടി മുഴുവനും കറുപ്പിക്കേണ്ടിവരും. അഭിനയം നിര്‍ത്തിയതോടെ അതിന്റെ ആവശ്യം ഇല്ലാതെയായി
പിന്നെ വാര്‍ധക്യത്തെ മനസിലാക്കി ജീവിക്കാന്‍ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മള്‍ എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോള്‍ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല.’
‘ശക്തി കുറയും ഓര്‍മശക്തിയും കുറഞ്ഞ് തുടങ്ങും. ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും.’
‘അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ച് മാറിനില്‍ക്കണമെന്ന് തോന്നി.’വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍… ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല.’
‘എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എട്ട് വര്‍ഷം മുമ്പ് അവള്‍ പോയി… എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല.’
‘അമ്പത് വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവള്‍ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല’ ഭാര്യയെ കുറിച്ച് മധു പറഞ്ഞു.
