രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി; സീതാ രാമം കോപ്പിയടിയോ? സംശയവുമായി ബാലചന്ദ്ര മേനോന്; ഇത് വെറും അസൂയയെന്ന് ആരാധകര്‍!
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത് . സിനിമയില്‍ മൃണാല്‍ ഠാക്കൂറാണ് നായിക. മൃണാളിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാ രാമം. തീയേറ്ററില്‍ വന്‍ വിജയം നേടിയ സീതാരാമം ഒടിടി റിലീസിന് ശേഷവും കയ്യടി നേടുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും കയ്യടി നേടുകയാണ്.ഇതിനിടെ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകന് ബാലചന്ദ്രമേനോന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ – പാക്കിസ്ഥാന് പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം അദ്ദേഹം ഒരു സംശയവും മുന്നോട്ട് വെക്കുന്നുണ്ട്.
ദുല്‍ക്കര്‍ സല്മാന് നായകനായി അഭിനയിക്കുന്ന ‘സീത രാമം ‘ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാന്‍ കേട്ടറിഞ്ഞു . സന്തോഷം തോന്നി . പക്ഷെ തിയേറ്ററില്‍ ആള് സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി .എന്നാല്‍ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു.സിനിമയുടെ തുടക്കത്തില്‍ അല്‍പ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടില്‍ നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം .
അത് തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം . അഭിമാനത്തോടെ പറയട്ടെ ജൂബിലികള്‍ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ് . സാമൂഹ്യ മാധ്യമങ്ങളില്‍ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയേറ്ററുകളില്‍ വ്യാജ സദസ്സുകളിലൂടെയും) സിനിമ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നത് ആത്മ വഞ്ചനയാണെന്നേ പറയാനാവൂ.’സീത രാമം ‘ ശില്പികള്ക്കു എന്റെ ഇനി കാര്യത്തിലേക്കു വരട്ടെ . ‘
സീതാരാമം ‘ നന്നായി ഓടുന്നു എന്ന് കേട്ടപ്പോള്‍ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി . നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള , ഒന്നുകില്‍ ഒരു പ്രണയകഥ അല്ലെങ്കില്‍ കുടുംബ കഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്കു ,തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദര്‍ശന വിജയം നേടിയ ഈ ചിത്രം പ്രൈം വീഡിയോയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടത് .
രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ – പാക്കിസ്ഥാന് പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി എന്ന് പറയാം .എന്നാല്‍ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോള്‍ ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ‘ഞെട്ടലായി’ മാറി.
ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാന്‍ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. അങ്ങിനെ എന്തെങ്കിലും സൂചന നിങ്ങള്‍ക്ക് കിട്ടുന്നുവെങ്കില്‍ ദയവായി കമന്റായി എഴുതുക. അതിന് ശേഷം ഞാന്‍ തീര്‍ച്ചയായും പ്രതികരിക്കാം. പോരെ ? സീതാ രാമാ എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിനൊപ്പം സീതാ രാമത്തിന്റേയും റോമന്‍ ഹോളിഡേയുടേയും പോസ്റ്ററുകള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോപ്പിയടിയാണോ സംവിധായകന് ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.അസൂയ. സാര്‍ വെടക്കാകി തനിക്കാക്കുക എന്ന് കേട്ടിട്ടുണ്ട്. പടത്തിനെ ഒന്ന് പുകഴ്ത്തി പറഞ്ഞിട്ട് കോപ്പിയാണെന്ന് നൈസ് ആയിട്ട് തേച്ചു ഒട്ടിക്കല്‍ ശ്രമം. കുറേ ഒടിടി പ്രേക്ഷകര്‍ ഇറങ്ങിട്ടുണ്ട് തിയേറ്ററില്‍ പോയി പടം കാണില്ല എന്നിട്ട് ഒടിടി വരുമ്പോള്‍ പോസ്റ്റുമാര്‍ട്ടം. സീതാരാമം ഇത്രയും നല്ലൊരു പ്രണയ കഥ ഈ അടുത്ത കാലത്ത് വന്നിട്ടില്ല. ഈ സിനിമ തിയേറ്ററില്‍ ഇരുന്നു തന്നെ കാണേണ്ട പടം അതാണ് നിങ്ങള്‍ക്ക് പറ്റിയ അദ്യ തെറ്റ്. എന്ത് മനോഹരമായ വിഷ്വല്‍സ്, ക്യാമറ, പാട്ടുകള്‍, അഭിനയം എല്ലാം കിടു എന്നായിരുന്നു പോസ്റ്റിന് ലഭിച്ചൊരു കമന്റ്.
റോമന്‍ ഹോളിഡേയ്സ്ഇല് രാജകുമാരി ഒളിച്ചോടി ഒരു പത്രക്കാരനുമായി പ്രേമത്തിലാകുന്നുവെങ്കില് സിത രാമത്തില്‍ ഹൈദരാബാദ് രാജകുമാരി ഒരു പട്ടാളക്കാരനുമായി ആണ് പ്രണയത്തില്‍ ആകുന്നത്. പറഞ്ഞുവരുമ്പോള്‍ ഒരു കോപ്പിയടി കണ്ടുപിടിച്ചുവെന്നായിരുന്നു മറ്റൊരു കമന്റ്. അനുകൂലിച്ചും ചിലര്‍ എത്തിയിട്ടുണ്ട്.
സര് പറഞ്ഞത് ശരിയാണ് . ഈ സിനിമ കണ്ടപ്പോള്‍ എനിക്കും റോമന്‍ ഹോളിഡേ ഓര്‍മ്മ വന്നു . തീര്‍ച്ചയായിട്ടും അത് പ്രചോദനം ആയിട്ടുണ്ടാവും . എങ്കിലും കോപ്പി എന്ന് പറയാന്‍ ആവില്ലല്ലോ . റോമന്‍ ഹോളിഡേ , സൗണ്ട് ഓഫ് മ്യൂസിക് , ഗോഡ്ഫാദര് , ദേവദാസ് ഇതില്‍നിന്നൊക്കെ പ്രചോദനം കൊണ്ട് എത്രയോ സിനിമകള്‍
വന്നിട്ടുണ്ട്. സീതാരാമത്തിന്റെ മറ്റെല്ലാം ഒറിജിനല്‍ ആണോ അതോ ബര്‍ഫി പോലെ പല സിനിമകള്‍ മിക്സ് ചെയ്തതാണോ എന്ന് വിശദമായി അന്വേഷിച്ചാലേ അറിയൂ . അപാകതകള്‍ പലതുണ്ടെങ്കിലും ഒരു പ്രണയ കഥയില്‍ സസ്പെന്‍സ് , ട്വിസ്റ്റുകള്‍ ഇതെല്ലാം പുതുമയുള്ള അനുഭവമാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം.
ഇങ്ങനെ ആയാല്‍ ഒരു പടവും ചെയ്യാന്‍ പറ്റില്ല സാര്‍. ലക്ഷ കണക്കിന് പടങ്ങള്‍ ഇറങ്ങിയ ഇ കാലത്ത് വേറെ ഒരു പടവും ആയി ഒരു സാമ്യവും ഇല്ലാത്ത ഒരു പടം എടുക്കുന്നത് വളരെ ശ്രമകരമാണ്. സാമ്യം ഉണ്ടാവാം അടിച്ചു മാറ്റി എന്ന് പറയാന്‍ പറ്റില്ല. അങ്ങനെ എങ്കില്‍ അവതാര്‍ വിയറ്റ്നാം കോളനി റീമേക്ക് എന്ന് പറയേണ്ടി വരില്ലേ എന്നാണ് മറ്റൊരാളുടെ കമന്റ്.
