News
74ാമത് എമ്മി അവാര്‍ഡ്സില്‍ ചരിത്രം സൃഷ്ടിച്ച് കൊറിയന്‍ സീരീസ് സ്ക്വിഡ് ഗെയിം
74ാമത് എമ്മി അവാര്‍ഡ്സില്‍ ചരിത്രം സൃഷ്ടിച്ച് കൊറിയന്‍ സീരീസ് സ്ക്വിഡ് ഗെയിം
ലോകമെമ്പാടും ഏറെ ജനശ്രദ്ധ നേടിയ നെറ്റ്ഫഌക്സ് സീരീസായിരുന്നു ‘സ്ക്വിഡ് ഗെയിം’. ഇപ്പോഴിതാ പതിനാല് നോമിനേഷനുകളുമായി മത്സരിച്ച കൊറിയന്‍ സീരീസ് സ്ക്വിഡ് ഗെയിം 74ാമത് എമ്മി അവാര്‍ഡ്സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മികച്ച നടന്, മികച്ച സംവിധാനം (ഹ്വാങ് ഡോങ്ഹ്യൂക്ക്), പ്രൊഡക്ഷന്‍ ഡിസൈന്‍, സംഘട്ടനം, സ്പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്സ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ സീരീസ് സ്വന്തമാക്കി.
ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായാണ് സെന്‍ഡയ കോള്മാന് തെരഞ്ഞെടുക്കപ്പെട്ടത്. ‘സ്ക്വിഡ് ഗെയി’മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്ജെയും തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ഡയ കോള്മാന് ഇത് രണ്ടാം തവണയാണ് മികച്ച നടിയാകുന്നത്. 2020ല്‍ സെന്‍ഡയക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് തവണ ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെന്‍ഡയ.
ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടന് ആയി തിരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്ജെ ഈ വിഭാഗത്തില്‍ വിജയിയാകുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്. 25 വിഭാഗങ്ങളില്‍ നോമിനേഷന് നേടിയ ‘സക്സഷന്‍’ ആണ് മികച്ച ഡ്രാമാ സീരീസ്. 20 നോമിനേഷനുകളില്‍ മത്സരിച്ച ‘ടെഡ് ലാസോ’ ആണ് മികച്ച കോമഡി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ജേസണ്‍ സുഡെക്സിനെയാണ്. ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് സീരിസ് പുരസ്കാരം ‘ദി വൈറ്റ് ലോട്ടസ്’ സ്വന്തമാക്കി. ഡ്രാമാ സീരീസില്‍ മികച്ച കഥയ്ക്കുള്ള പുരസ്കാരം ജെസ്സി ആംസ്ട്രോംഗിനാണ്. മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പര്വിഷന് എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത് ‘സ്ട്രേഞ്ചര്‍ തിങ്സ്’ ആണ്.
