News
മതവും മതത്തിന്റെ പേരില്‍ കൊറേ തീവ്രമതവിശ്വാസികളും ഈ 27 വയസ്സിനുള്ളില്‍ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്; മതമെന്താണെന്നു പോലുമറിയാത്ത പിള്ളേര്; മാനവികതയ്ക്ക് വേണ്ടി ശബ്ദം ഉയർത്തി ജസ്ല!
മതവും മതത്തിന്റെ പേരില്‍ കൊറേ തീവ്രമതവിശ്വാസികളും ഈ 27 വയസ്സിനുള്ളില്‍ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്; മതമെന്താണെന്നു പോലുമറിയാത്ത പിള്ളേര്; മാനവികതയ്ക്ക് വേണ്ടി ശബ്ദം ഉയർത്തി ജസ്ല!
ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. സോഷ്യൽ മീഡിയയാണ് ജെസ്ലയെ ഇത്രയും വളർത്തിയത്. എന്നാൽ, ബിഗ് ബോസ് മലയാളം സീസണ് 2വിൽ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ജസ്ല മാടശ്ശേരിയുടെ ജീവിതം എന്തെന്ന് എല്ലാവരും അറിയുന്നത് .
തന്റെ നിലപാടുകള്‍ പറഞ്ഞും ജസ്ല വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു കമന്റിനെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ജസ്ല മനസ് തുറക്കുകയാണ്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജസ്ലയുടെ പ്രതികരണം.
വല്ലാത്ത വിഷമത്തോടെയും വേദനയോടെയുമാണ് ഞാനീ പോസ്റ്റിടുന്നത്, ഇത്തിരി അരിശവും ഉണ്ട് വല്ലാത്ത സ്നേഹവും ഉണ്ട്. ഒരു 20 വയസ്സുള്ള യുവാവിന്റെ കാര്യം ..മുഴുവന്‍ വായിക്കാന്‍ സമയം ഉണ്ടെങ്കില്‍ വായിക്കണം ..ഞാനുദ്ദേശിച്ചതും പറയാന്‍ ആഗ്രഹിച്ചതും മുഴുവന്‍ പറയാനും എഴുതാനും ഈ ഉറക്കം വന്നു തൂങ്ങി നില്ക്കുന്ന നേരത്ത് (3:00am )എനിക്ക് കഴിയുമോ എന്നും എനിക്കറിയില്ല ..
കൂടുതല്‍ വലിച്ചു നീട്ടാതെ കാര്യത്തിലേക്കു കടക്കാം.വലിച്ചു നീട്ടിപ്പോയാല്‍ ക്ഷമിക്കണം . കാരണം ഒരുപാട് കാലത്തിനു ശേഷമാണ് ഞാന്‍ ഒരു മനുഷ്യനോട് ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിക്കുന്നത് .എന്റെ വാപ്പയുടെ പ്രായമുള്ള ഒരു മനുഷ്യനോട് മുന്പരിചയമില്ലാത്തൊരു മനുഷ്യനോട്. കുറച്ചു മുന്നെ ഞാന്‍ ഒരു സ്ക്രീന്ഷോട് പോസ്റ്റ് ചെയ്തിരുന്നു.
ഒരു പയ്യന് ഇട്ട കമെന്റ്. കമെന്റ് ഇങ്ങനെ ആയിരുന്നു.
മതം എനിക്കെന്നും വല്ലാത്ത നോവായിരുന്നു സമ്മാനിച്ചത്. 27 വയസ്സാണിപ്പോള്‍ എനിക്ക് .. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഞാന്‍ മതവിശ്വാസിയല്ല .. ഈ പത്തു വര്‍ഷത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ ഒരു അഗ്നോസ്റ്റിക് (ആജ്ഞേയവാദി )ആയിരുന്നു. ഇപ്പൊ പൂര്‍ണമായും നിരീശ്വര വാദിയാണെന്നാണ് ജസ്ല പറയുന്നത്.
മതവും മതത്തിന്റെ പേരില്‍ കൊറേ തീവ്രമതവിശ്വാസികളും ഈ 27 വയസ്സിനുള്ളില്‍ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മതത്തെ വിമര്‍ശിച്ചു തുടങ്ങുന്നത് തന്നെ അങനെ ആണ്. നിങ്ങളില്‍ പലര്‍ക്കുമറിയുന്ന പോലെ ഒരു ഡാന്‍സ് ചെയ്തതിന്റെ പേരില്‍ ആയിരുന്നു ഏറ്റവും വലിയ മാനസീക ഉപദ്രവവും ശാരീരിക ഉപദ്രവമൊക്കെ എനിക്ക് മതവും മതവിശ്വാസികളും സമ്മാനിച്ചത്. പ്രിയപ്പെട്ട ഉമ്മമ്മാടെ മയ്യത്തു വരെ കാണിച്ചില്ല. അതിനു മുന്‍പ് ഇത്ര ഭീകരമല്ലാത്ത പലതും എനിക്ക് കിട്ടീട്ടുണ്ട്. ഞാന്‍ കടന്നു പോയിട്ടുണ്ട്
പക്ഷെ അതിനു ശേഷം ഞാന്‍ കടന്നു പോയ മാനസികാവസ്ഥ ഭീകരമായിരുന്നു.
ചെയ്തത് തെറ്റാണ് എന്ന് എനിക്ക് തോന്നാത്ത കാര്യത്തിന്റെ പേരില്‍ ബന്ധങ്ങള്‍ ഒരുപാട് നഷ്ടപ്പെട്ടു. പൊതുബോധം പറയുന്ന ഏറ്റവും മോശപ്പെട്ട സ്ത്രീ ആക്കി ആ ചെറിയ പ്രായത്തിലെ വല്ലാത്ത വിളികള്‍ സാമൂഹ്യമാധ്യമത്തിലൂടെയും അല്ലാതെ ഒളിഞ്ഞും മറഞ്ഞും പറയുന്നത് കേട്ടു. അതങ്ങനെയാണല്ലോ? മതത്തെ എതിര്‍ക്കുന്ന സ്ത്രീ ആണെങ്കില്‍ അവള് വേശ്യയാണ്. പൊതുബോധത്തിനെതിരെ സംസാരിക്കുന്ന സ്ത്രീയാണേല്‍ അവള് ഫെമിനിച്ചിയും വെടിയുമാണ്. അന്ന് വരെ എന്നെ പ്രിയപ്പെട്ടവളെ പോലെ ചേര്‍ത്ത് നിര്‍ത്തിയ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ മതത്തിന്റെ പേരും പറഞ്ഞു വല്ലാതെ ഒറ്റപ്പെടുത്തി. കുറ്റപ്പെടുത്തി . വെറുപ്പ് ശർദ്ദിച്ചു.
മഹല്ലില്‍ നിന്ന് വിലക്കി കൊണ്ടായിരുന്നു തുടക്കം. അന്നൊന്നും ഞാനിന്നത്തെ അത്ര സ്ട്രോങ്ങ് അല്ല. ഇത്ര ധൈര്യമോ നേരിടാനുള്ള കരുത്തോ ഇല്ല. അതിജീവിക്കാന്‍ വേണ്ടി ഞാന്‍ ബോള്‍ഡ് ആയതാവണം. വെർബല്‍ അറ്റാക്ക് മാത്രമായിരുന്നില്ല. ഒരുപാട് ശാരീരിക അറ്റാക്കുകളും ഞാന്‍ നേരിട്ടു. അപകടങ്ങള്‍ ഒഴിഞ്ഞ മാസങ്ങള്‍ ഇല്ലായിരുന്നു. പലതും ഞാന്‍ അന്ന് വീട്ടില്‍ പോലും പറയാറില്ലായിരുന്നു.
ബാംഗ്ലൂര്‍ ഇല് വെച്ചുണ്ടാക്കിയ അപകടം എന്നെ 5 മാസം കിടത്തി. അങനെ ആണ് വീട്ടുകാര്‍ പോലും ഞാന്‍ കളിച്ച ഒരു ഡാന്‍സിന്റെ ഭീകരത മതതീവ്രവാദികളില്‍ ഇത്രയും അരിശമുണ്ടാക്കിയെന്നറിയുന്നത്. പലതും പറയാതിരുന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. എന്റെ സഞ്ചാരസ്വാതന്ത്രം അവരുടെ സ്നേഹം കൊണ്ടും ഭയം കൊണ്ടും എനിക്ക് നഷ്ടപ്പെടരുത് എന്ന എന്റെ ആഗ്രഹം കൊണ്ടായിരുന്നു.
അന്നും ഇന്നും എന്നെ ചേര്‍ത്ത് പിടിച്ചു ധൈര്യം തന്നു കൂടെ നിര്‍ത്തിയത് എന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും കൊറേ നല്ല സുഹൃത്തുക്കളുമാണ്. പറഞ്ഞു വന്നത് ഈ കമന്റ് സ്ക്രീന്‍ഷോട്ടിനെ കുറിച്ചാണ്. ഈ പോസ്റ്റിട്ടു അഞ്ച് മിനിറ്റിനകം എനിക്ക് പല സുഹൃത്തുക്കളില്‍ നിന്നും ഫോണ്‍ വന്നു കേസ് കൊടുക്കണം. നിയമപരമായി നീങ്ങണം എന്നൊക്കെ പറഞ്ഞു.
ഇത്തരം കമെന്റുകള്‍ ആദ്യമായി കാണുന്നതല്ല. വര്‍ഷങ്ങളായി കാണുന്നതാണ്. പല കമന്റുകളിലും പറഞ്ഞ ഭീഷണികള്‍ അച്ചട്ട് പോലെ അവര്‍ ചെയ്തിട്ടും ഉണ്ട്. അതുകൊണ്ടു ഇതിന്റെയൊന്നും ഭയപ്പെടാന്‍ ഞാനില്ല.
പക്ഷെ കംപ്ലൈന്റ്റ് ഫയല്‍ ചെയ്യണം എന്ന് തന്നെ കരുതിയിരുന്നതാണ്. കൂട്ടുകാരനെ വിളിച്ചു നമുക്ക് നാളെ രാവിലെ മലപ്പുറം എസ്പി ഓഫീസില്‍ പോകണം എന്ന് വരെ പറഞ്ഞതാണ്. എന്നെ പറഞ്ഞ എന്ത് വൃത്തികേടും ഭീഷണിയും എനിക്കേല്‍ക്കാറില്ല. വാപ്പയെയും ഉമ്മയെയും പറഞ്ഞാല്‍ ഏതൊരു മകളെ പോലെ എനിക്കും നോവും.
അതുകൊണ്ടു മാത്രമല്ല ഇത്തരത്തില്‍ എന്ത് ഭീഷണി ഏതു നിലയില്‍ വന്നാലും അത് ഇന്‍ഫോം ചെയ്യാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് മലപ്പുറം എസ്പി ഓഫീസില്‍ നിന്ന്. പക്ഷെ എന്നെ കാസര്‍കോട്ട് ഉള്ള ഒരു സഖാവ് കോണ്ടാക്ട് ചെയ്തു. ഈ കമന്റിട്ട പയ്യനെ അറിയാം എന്ന് പറഞ്ഞു. അവന്റെ കുടുംബത്തെയും. അങ്ങനെ ആണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. അവന്റെ വാപ്പയോടു എന്നെ വിളിക്കാന്‍ പറഞ്ഞു.
ഒരു സാധു മനുഷ്യന്. അയാളെന്നെ വിളിച്ചു. ആദ്യത്തെ കാള്‍ അരമണിക്കൂറോളം നീണ്ടു. എനിക്കെന്റെ വാപ്പ സംസാരിക്കുന്ന പോലെ തോന്നി. മതവിശ്വാസിയായിട്ടും അയാളെന്നോട് അങ്ങേയറ്റത്തെ നോവോടെ സംസാരിച്ചു. മകന്റെ വായില്‍ നിന്ന് തീവ്രവാദം ഒഴുകുന്നതിനു ആ പിതാവൊരിക്കലും തെറ്റുകാരനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്ന ഒരു പച്ച മനുഷ്യന്.
മതം വിട്ടതിന്റെ പേരിലാണ് മകന് എന്നോടിങ്ങനെ ഭീഷണിമുഴക്കിയത് . അയാളുടെ മകന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് അദ്ദേഹം എന്റടുതിങ്ങനെ സംസാരിച്ചതെന്നൊക്കെ എനിക്ക് കരുതാം പക്ഷെ ഞാനങ്ങനെ കാണുന്നില്ല.
ആ മനുഷ്യന്റെ ഗതികേടും നിസ്സഹായാവസ്ഥയും മനസ്സുതുറന്നുള്ള സംസാരവും കണ്ണീരും എന്നെ വേദനിപ്പിച്ചു. മകന് മാപ്പ് പറയണം എന്ന് ഞാന്‍ പറഞ്ഞു അവന് ഫോണെടുത്തു വീണ്ടും കലികയറി എന്റടുത്തു. മതത്തെ പറഞ്ഞ എന്നെ വെറുതെ വിടില്ലെന്ന് 20 വയസ്സു തികയാത്ത എന്റെ സ്വന്തം അനിയന്റെ പ്രായം പോലുമില്ലാത്ത ഒരു മോന് എന്റടുത്തു തട്ടിക്കയറി.
അപ്പുറത്തൂന്നു അവന്റെ പെങ്ങളുടെയും ഉമ്മയുടെയും വിഷമവും സങ്കടവും എനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ ഹൃദയത്തില്‍ കല്ലില്ലാത്തത് കൊണ്ട് . തലച്ചോറില്‍ മതം കയറ്റി തന്ന യാതൊരു പ്രാന്തും അവശേഷിക്കുന്നില്ലാത്തതു കൊണ്ടും ആ മനുഷ്യനെയും കുടുംബത്തെയും എന്റേതെന്ന പോലെ എനിക്ക് തോന്നി. എന്റെ ഉമ്മയുമുണ്ടായിരുന്നു എന്നോടൊപ്പം ഇതൊക്കെ കേട്ടുകൊണ്ട്. അവന്റെ ശാഡ്യം എന്നെ വിഷമിപ്പിച്ചെങ്കിലും 5മിനിറ്റു കഴിഞ്ഞു ആ മനുഷ്യന് വീണ്ടുമെന്നെ വിളിച്ചു. അവനെക്കൊണ്ട് വീട്ടുകാര്‍ മാപ്പ് പറയിപ്പിച്ചു. വല്ലാത്ത അരിശം കടിച്ചമര്‍ത്തിയാണേലും അവന് മാപ്പ് പറഞ്ഞു.
പിന്നീടാ കുടുംബത്തോട് ഒന്നരമണിക്കൂറിലധികം സംസാരിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെ ജൊലി ചെയ്തു തളര്‍ന്നു വന്നു കിടന്ന ആ മനുഷ്യന് (പിതാവ് )ശരീരവേദന മറന്നു എന്നോട് സംസാരിച്ചു. ഞാന്‍ വെയ്ക്കാന്‍ ശ്രമിച്ചിട്ട് പോലും അദ്ദേഹം സംസാരിച്ചു.
ചില സംസാരങ്ങള്‍ ചിലര്‍ പറയുമ്പോള്‍ കേട്ടിരിക്കുക എന്നത് അവര്‍ക്ക് കിട്ടുന്ന വലിയ ആശ്വാസമാണ്. ഒരു നല്ല സുഹൃത്തിനോട് എന്ന പോലെ ആ മനുഷ്യന് അയാളുടെ ജീവിതം തേങ്ങിയും ചിരിച്ചും കരഞ്ഞും ആവേശത്തോടെയുമൊക്കെ എന്റടുത്തു സംസാരിച്ചു. ഞാനതൊക്കെ ശ്രദ്ധയോടെ കേട്ടിരുന്നു. മകന്റെ ഇത്തരം പ്രവര്‍ത്തികള്‍ കാരണം അദ്ദേഹമനുഭവിക്കുന്ന വിഷമം എനിക്ക് വല്ലാതെ കൊണ്ട്. ആ പിതാവെന്നോടു ഒരുപാട് മാപ്പ് പറഞ്ഞു. മകന് സ്നേഹത്തോടെ ഒരു നോട്ടം പോലും നോക്കാത്തതിന്റെ വിങ്ങല്‍ ആ മനുഷ്യനെ വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞു ..മകനെ പറഞ്ഞു തിരുത്താന്‍ പറ്റുമെങ്കില്‍ ശ്രമിക്കുക ..അല്ലെങ്കില്‍ അവന് സ്വയം പഠിക്കട്ടെ സമയം കൊടുക്കാം എന്ന്. ഞാന്‍ കമെന്റ് ഇട്ട മകനോട് പറഞ്ഞത് ഇത്രമാത്രമാണ്,
സ്വന്തം മാതാപിതാക്കളോട് സ്നേഹത്തോടെ ഒരു വാക്കുപോലും സംസാരിയ്ക്കാന്‍ കഴിയാത്ത നീ ആണോ ഫേസ്ബുക്കില്‍ വന്നു മതത്തിന്റെ പേരില്‍ അതിനെ വിമര്ശിക്കുന്നവന്റെ വാപ്പയെ കൊല്ലാന്‍ നടക്കുന്നത്.
അവനൊന്നും പറയാനില്ലായിരുന്നു.
ഇത് തന്നെ ആണ് സോഷ്യല്‍ മീഡിയയില്‍ മതതീവ്രവാദം പറയുന്ന മാന്യതയില്ലാത്ത രീതിയില്‍ പടച്ചോന്റെ ഗുണ്ടകളായിറങ്ങുന്ന സ്ത്രീകളെ തട്ടമിടീക്കാനും നരകത്തിലിട്ടു പൊരിക്കാനുമിറങ്ങുന്ന വേശ്യാവിളികള്‍ കൊണ്ടവരെ പൂമാലയിടുന്ന മനുഷ്യരോടും എനിക്ക് പറയാനുള്ളത്. ആദ്യം നിങ്ങളിലേക്ക് നിങ്ങള്‍ നോക്കുക ..എന്നിട്ട് ഇറങ്ങുക …
മനുഷ്യര്‍ സ്വതന്ത്രരാണ് ..സ്നേഹം കൊണ്ട് നിങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുക ..വെറുപ്പിന്റെയും ഒറ്റപ്പെടുത്തലിന്റെയും തെറിയഭിഷേഖ്ങ്ങള്‍ കൊണ്ടാവുമ്പോള്‍ മനുഷ്യര്‍ക്കൊരിക്കലും മനുഷ്യരായി ചിന്തിക്കാനാവില്ല . മതമല്ല ജീവിതം ഭീഷണിപ്പെടുത്തിയവന്റെ വീട്ടിലേക്കു സ്നേഹത്തോടെ ക്ഷണം കിട്ടിയ ഒരാള്‍ ഞാനായിരിക്കും ..ഭീഷണിപ്പെടുത്തിയവനേ മോനെ എന്ന് വിളിച്ചു സ്നേഹോപദേശം കൊടുത്തൊരാളും ഞാനായിരിക്കും ??നീ ഇത്രേയുള്ളൂ എന്ന് ചോദിക്കുന്നവരുണ്ടാവും ..
ചിലപ്പോഴൊക്കെ മനുഷ്യര്‍ ഇത്രേയുള്ളൂ ??
ഈ കേസ് ഞാനിവിടെ വിടുന്നു ..കൊച്ചു പിള്ളേരാണ്. മതമെന്താണെന്നു പോലുമറിയാത്ത പിള്ളേര്. അറിയാത്തതു കൊണ്ട് മാത്രമാണ് അതിന്റെ പേരില്‍ ആയുധമെടുക്കാനും വെറുപ്പ് പടര്‍ത്താനുമിറങ്ങുന്നത്. നന്മയുണ്ടാവട്ടെ. മനുഷ്യരാവട്ടെ. മാനവികത പടരട്ടെ എന്ന് പറഞ്ഞാണ് ജസ്ല കുറിപ്പ് അവസാനിപ്പിക്കുന്നത്.
about jesla
