‘മരിക്കുമെന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്,എന്റെ നട്ടെല്ല് അലിഞ്ഞ് പോയിരുന്നു, അടുത്തിടെയും ഒരു ഓപ്പറേഷൻ ചെയ്തിരുന്നു; അസുഖത്തെ കുറിച്ച് ഡിംപൽ ഭാൽ!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ(). ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം ‘എനർജൈസർ ഓഫ് ദി സീസൺ’ അവാർഡും ഡിംപല്‍ നേടിയിരുന്നു. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്.
ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും. മത്സരാർഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്.
ഷോയിൽ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗം. ഈ സംഭവത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട് ഡിംപൽ. ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരാർഥിയായ ശേഷം ഡിംപലിന് സോഷ്യൽമീഡിയ വഴിയും നിരവധി ആരാധകരെ ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിത ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയിൽ പങ്കെടുത്ത് ഡിംപൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കാൻസർ വന്ന ശേഷം തന്റെ കൈയ്യിൽ ആരെങ്കിലും സ്പർശിച്ചാലോ സൂചി കുത്തിയാലോ അറിയാൻ സാധിക്കില്ലെന്നും അതിനുള്ള ശേഷി തനിക്ക് നഷ്ടപ്പെട്ടുവെന്നുമാണ് ഡിംപൽ പറയുന്നത്.
ഇത്രയേറെ എനർജിയോട് ചാർജായി നിൽക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഡിംപൽ മനസ് തുറന്നത്. ‘കൈയ്യിൽ ഞാൻ ടാറ്റു ചെയ്തത് വേദനയെടുക്കില്ലെന്ന കാരണം കൊണ്ടാണ്. അതെന്തെന്നാൽ പതിമൂന്ന് വയസുള്ളപ്പോൾ കാൻസറസ് ട്യൂമർ എനിക്ക് വന്നിരുന്നു.’
‘മരിക്കുമെന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. എന്റെ നട്ടെല്ല് അലിഞ്ഞ് പോയിരുന്നു. അതുമായി ബന്ധപ്പെട്ട് അടുത്തിടെയും ഒരു ഓപ്പറേഷൻ ചെയ്തിരുന്നു. എനിക്ക് പ്രായം കൂടുന്തോറും നട്ടെല്ലിന് കൂടുതൽ തേയ്മാനം സംഭവിക്കും. ഞാൻ വളഞ്ഞ് വരികയും ചെയ്യും. അതുകൊണ്ട് നട്ടെല്ല് സക്രൂ ചെയ്തിരുന്നു.’
ശേഷമാണ് എനിക്ക് കാലിനും കൈയ്ക്കും സ്പർശനം അറിയാൻ പറ്റാത്ത സ്ഥിതിയായത്. വളറെ ചെറിയ രീതിയിൽ മാത്രമെ ഇപ്പോൾ സെൻസിങുള്ളൂ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അസുഖത്തെ കുറിച്ച് അറിയുന്നത്. കരാട്ടെ പഠിക്കുമ്പോൾ ചെറിയ രീതിയിൽ വേദന വന്ന് തുടങ്ങിയിരുന്നു.’
‘അന്ന് പലരും പല കാര്യങ്ങൾ പറഞ്ഞ് അതിനനുസരിച്ച് ചികിത്സിച്ചു. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും വേദന വെച്ചാണ് ഞാൻ സ്കൂളിൽ പോയി പഠിച്ചിരുന്നത്. പിന്നീട് ഞാൻ മനസിലാക്കി എന്തായാലും മരിക്കും അപ്പോൾ പിന്നെ ഓടി ചാടി സ്പോർട്സ് ഡെയിൽ എല്ലാ മത്സരത്തിലും പങ്കെടുക്കണമെന്ന്.’
അന്ന് ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്ത് നേരെ ഓപ്പറേഷന് വേണ്ടി ആശുപത്രിയിലേക്ക് പോയി. ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഞാൻ തിരികെ ജീവിതത്തിലേക്ക് വന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ബക്കറ്റിൽ പോലും വെള്ളം എടുക്കരുതെന്നാണ്.’
‘പക്ഷെ അതൊഴിച്ച് എല്ലാ ജോലികളും ഞാൻ ചെയ്യും. വേദന വരുമ്പോൾ നന്നായി അലറി വിളിച്ചാൽ അത് ആ അലറലിനൊപ്പം പോകുമെന്നതാണ് എന്റെ അനുഭവം. സ്കൂളിൽ ആയിരിക്കുമ്പോൾ ആനുവൽ ഡേയ്ക്കൊക്കെ വേദനയുടെ ഗുളിക കഴിച്ചാണ് ഞാൻ പങ്കെടുത്തത്. എനിക്കെപ്പോഴും ഓടി ചാടി ആസ്വദിച്ച് നടക്കണം അതിനാണ് ഞാൻ ശ്രമിക്കുന്നത്’ ഡിംപൽ ഭാൽ പറഞ്ഞു.
കേരളത്തിലാണ് ഡിംപൽ ഇപ്പോൾ സ്ഥിര താമസം. ഓൺലൈൻ വഴി ഹോം മേഡ് ഓയിൽ വില്‍ക്കുന്നുണ്ട് ഡിംപലും കുടുംബവും. ഒന്നര വർഷമായി തുടങ്ങിയിട്ട്. ഡിംപലിന്റെ മമ്മി തന്നെയാണ് എണ്ണ ഉണ്ടാക്കുന്നത്.
തന്‍റെ തലമുടിയുടെ രഹസ്യവും അത് തന്നെയാണെന്ന് ഡിംപൽ പറഞ്ഞിട്ടുണ്ട്. അറുപതോളം പച്ചമരുന്നുകളൊക്കെ ഇട്ടാണ് അത് തയ്യാറാക്കുന്നത്.