മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എന്നോട് വ്യക്തിപരമായി യാതൊരു പകയുമില്ലായിരുന്നു; ദിലീപിനെപ്പോലുള്ളവരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം!; തുറന്നടിച്ച് സംവിധായകൻ വിനയൻ !
മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ താരമൂല്യമുള്ള സംവിധായകനാണ് വിനയന്‍. ഒരുകാലത്ത് വിലക്കുകളെല്ലാം കൊണ്ട് പ്രമുഖ താരങ്ങളൊന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാത്ത അവസ്ഥയുണ്ടായിരുന്നു. 1999 പുറത്തിറങ്ങിയ ആകാശ ഗംഗയും 2005 ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപുമൊക്കെ വിനയൻ മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ്. ഇപ്പോഴിതാ പത്തൊൻമ്പതാം നൂറ്റാണ്ട് എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് വിനയൻ.
മലയാള സിനിമയിലെ തന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെ നിരവധി പ്രതിസന്ധികൾ വിനയന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിവാദങ്ങളിലും പെട്ടിട്ടുള്ള വിനയന് മലയാള സിനിമയിൽ നിന്ന് വിലക്കുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് വിനയൻ ഇന്ന് പുതിയ ചിത്രമായി എത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് വിനയൻ ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട നഷ്ടങ്ങളെ കുറിച്ച് പറയുകയാണ് വിനായകൻ. തന്റെ നിലപാടുകള്‍ക്ക് കൊടുക്കേണ്ടി വന്ന വിലയാണ് തനിക്ക് സംഭവിച്ച നഷ്ടങ്ങളെന്നാണ് വിനയൻ പറയുന്നത്. തനിക്കുണ്ടായ പ്രശ്‍നങ്ങൾക്ക് കാരണം ദിലീപിനെ പോലുള്ളവർ ആണെന്നും മമ്മൂട്ടിക്കോ മോഹൻലാലിനോ തന്നോട് പകയില്ലെന്നും രണ്ടു പേരും സിനിമയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനയന്റെ വാക്കുകൾ ഇങ്ങനെ.
‘എന്റെ സുഹൃത്തുക്കളില്‍ പലരും പറയാറുണ്ട്, നിന്റെ സ്ഥാനത്ത് ഞങ്ങളാണെങ്കില്‍ നാടു വിട്ട് പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമെന്ന്. എന്റെ വ്യക്തിത്വം വിട്ട് ഞാനൊന്നും ചെയ്തില്ല. എന്റെ നിലപാടുകളാണ് എന്റെ സമ്പാദ്യം. അതിന്റെ വിലയാണ് എനിക്ക് സംഭവിച്ച നഷ്ടങ്ങള്‍. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുത്തത് എന്ന് ആര്‍ക്കും അറിയില്ല.’
സെറ്റില്‍നിന്ന് ക്യാമറ കാണാതാകുക, ക്യാമറാമാനെ കാണാതാകുക.
ഞാനുമായി സഹകരിക്കുന്ന ആര്‍ട്ടിസ്റ്റുകളെയും തിയേറ്റര്‍ ഉടമകളെയും ഫൈറ്റ് മാസ്റ്ററെയും മറ്റും ഭീഷണിപ്പെടുത്തി പിന്‍മാറ്റുക. പലരും പകുതിക്കുവച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാന്‍ സിനിമ എടുത്തത്. വിമര്‍ശിക്കുന്നവരോട് വിരോധമില്ല. കാരണം വിനയനില്‍ നിന്ന് പ്രേക്ഷകര്‍ ഒരു ക്വാളിറ്റി പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതാകുമ്പോള്‍ വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികമാണ്.’
‘എന്നോടുള്ള പകയുടെ പേരില്‍ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടപ്പോള്‍ ഞാന്‍ അതിനെ ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്തു. അതാണ് നിയമപോരാട്ടത്തിന് പ്രചോദനമായത്. പത്ത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു. അതില്‍ ഞാന്‍ വിജയിച്ചു. വിനയന്‍ ഇനി സിനിമ എടുക്കില്ല, എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. കാലത്തിന്റെ കാവ്യനീതിയാണ്,’ വിനയൻ പറഞ്ഞു.
‘
അത്ഭുത ദ്വീപ് കഴിഞ്ഞതിന് ശേഷമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു. എന്നാല്‍ അത് ഞാന്‍ വരേണ്യവര്‍ഗം എന്ന് വിളിക്കുന്ന ഒരുവിഭാഗം ചര്‍ച്ചയാക്കാന്‍ തയ്യാറായില്ല. അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ എനിക്ക് നഷ്ടമാവില്ലായിരുന്നു.
‘വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എന്നോട് വ്യക്തിപരമായി യാതൊരു പകയുമില്ലായിരുന്നു. ദിലീപിനെപ്പോലുള്ളവരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടുമായി മമ്മൂട്ടിയും മോഹന്‍ലാലും സഹകരിച്ചു. അഭിനയിച്ചില്ലെങ്കിലും അവരുടെ ശബ്ദസാന്നിധ്യമുണ്ട്. തുടക്കത്തില്‍ മോഹന്‍ലാലും ഒടുക്കത്തില്‍ മമ്മൂട്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റെ ഭാഗമാണ്.’ വിനയൻ കൂട്ടിച്ചേർത്തു.
