News
എന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം എന്നോട് പറഞ്ഞത് ‘ഇനി നടക്കാനാവില്ലെന്നാണ്’; ആ അവസ്ഥയെ തരണം ചെയ്താണ് ഇവിടെവരെ എത്തിയത്; ചിയാൻ വിക്രത്തിന്റെ വാക്കുകൾ വൈറലാകുന്നു!
എന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം എന്നോട് പറഞ്ഞത് ‘ഇനി നടക്കാനാവില്ലെന്നാണ്’; ആ അവസ്ഥയെ തരണം ചെയ്താണ് ഇവിടെവരെ എത്തിയത്; ചിയാൻ വിക്രത്തിന്റെ വാക്കുകൾ വൈറലാകുന്നു!
തെന്നിന്ത്യ ആകമാനം ആഘോഷമാക്കുന്ന നായകനാണ് ചിയാൻ വിക്രം. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന വിക്രമിന്റെ ഡെഡിക്കേഷനാണ് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നത്. വിക്രത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷനിലും ഒരു പ്രത്യേകതയുണ്ട്.
വർഷത്തിൽ പ്രേക്ഷക മനസിലും ബോക്സ് ഓഫീസിലും ഒരു പോലെ ചലനം സൃഷ്ടിക്കുന്ന ഒന്നോ രണ്ടോ മികച്ച സിനിമകൾ മാത്രം ചെയ്യുന്ന നടനാണ് വിക്രം. ഏറ്റവും അവസാനം വിക്രത്തിലെ നടനെ പ്രേക്ഷകർ കണ്ടത് മഹാനിലെ ഗാന്ധി മഹാനായിട്ടുള്ള വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ്.
തിരിച്ചടികളിൽ പതറാതെ എന്തിനേയും ചിരിയോടെ സമീപിച്ച് ഏത് വിവാദത്തേയും മനോഹരമായി നേരിട്ട് കുടുംബവും ആരാധകരും ഒന്നാണെന്ന് വിശ്വസിച്ച് മുന്നോട്ട് സഞ്ചരിക്കുന്നത് കൊണ്ടാണ് വിക്രത്തിലെ നടന് ആരാധകർ ചേർന്ന് സ്റ്റാർഡം നൽകിയത്.
അതുകൊണ്ട് തന്നെ അടുത്തിടെ സുഖമില്ലാതെ വിക്രത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വാർത്തകൾ വന്നപ്പോൾ സിനിമയെ സ്നേഹിക്കുന്നവരെല്ലാം ആശങ്കയിലായി. പിന്നീട് അദ്ദേഹം തന്നെ പ്രചരിക്കുന്ന വാർത്തയിലെ സത്യം എത്രത്തോളമാണെന്ന് പറഞ്ഞപ്പോഴാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്.
ഇപ്പോൾ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ താൻ കടന്നുവന്ന വഴികളെ കുറിച്ച് വികാരധീനനായി സംസാരിക്കുന്ന വിക്രത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
‘ഡോക്ടർമാരാണ് യഥാർഥ ഹീറോസ്. നമ്മളൊക്കെ വെറും റീൽ ഹീറോസ്. എന്റെ കഥ പറയുകയാണെങ്കിൽ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയ്ക്കും എന്നെ ഡോക്ടറാക്കണമെന്നായിരുന്നു. അവരുടെ ആഗ്രഹമല്ലേയെന്ന് കരുതി ഞാനും കുറെ ശ്രമിച്ചു. പക്ഷെ അത് പഠിക്കാനുള്ള മാർക്ക് ലഭിച്ചില്ല.
അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. എന്നാൽ പിന്നെ ബിഡിഎസ്സിന് ശ്രമിക്കാമെന്ന് കരുതി അതും നടന്നില്ല. ശേഷമാണ് ലയോള കോളജിൽ ചേർന്ന് പഠിച്ചത്.
‘കുട്ടികളുടെ റിഹാബിറ്റേഷനുമായി ബന്ധപ്പെട്ട പരിപാടിയായതുകൊണ്ടാണ് ഞാൻ ഒഴിവാക്കാതെ വന്നത്. വരേണ്ടത് എന്റെ കടമയാണെന്ന് തോന്നി. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമാകാൻ എനിക്ക് ഇഷ്ടമാണ്.
അപകടത്തെ തുടർന്ന് കാലിന് സാരമായി പരിക്കേറ്റ് കുറേനാൾ വീൽചെയറിലായിരുന്നു. അന്ന് എന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം എന്നോട് പറഞ്ഞത് ഇനി നടക്കാനാവില്ലെന്നാണ്. അന്ന് ഡോക്ടർമാരേയും കുറ്റം പറയാൻ കഴിയില്ല. കാരണം ചികിത്സയ്ക്ക് വേണ്ട ഫെസിലിറ്റി കുറവായിരുന്നു. എന്നാൽ ആ സമയങ്ങളിലെല്ലാം എനിക്ക് ഒരേയൊരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം.’
‘അതുകൊണ്ട് ആദ്യം എഴുന്നേറ്റ് നടക്കണമെന്നത്. ഓടണം, ഫൈറ്റ് ചെയ്യണം എന്നൊക്കെ നിരന്തരം ചിന്തിച്ചിരുന്നു. അങ്ങനെയാണ് പ്രയത്നിച്ച് ആ അവസ്ഥയെ തരണം ചെയ്ത് സിനിമയിൽ നടനായത്. പിന്നീട് ഒരിക്കൽ ഒരു ഡോക്ടറെ അപ്രതീക്ഷിതമായി കാണാനിടയായപ്പോൾ അദ്ദേഹത്തിനും അത്ഭുതമായിരുന്നു. നടക്കുന്നത് കണ്ടുതന്നെ അത്ഭുതമായിരുന്നു.
നടനായി മാറിയെന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തിന് അത്ഭുതമായിരുന്നു. അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പിന്നീട് എന്നെ കുറിച്ച് പറഞ്ഞത് ഇത്തരത്തിൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നവർ ജീവിതം തന്നെ തകർന്ന അവസ്ഥയിലേക്ക് പോവുകയോ ലഹരിക്ക് അടിമപ്പെടുകയോ ചെയ്യുന്ന അവസ്ഥകളാണ് അധികവും കണ്ടിട്ടുള്ളതെന്നും എന്റെ മാറ്റം അദ്ദേഹത്തിന് ശരിക്കും ഷോക്കായിരുന്നുവെന്നുമാണ്. സിനിമയിൽ അഭിനയിക്കാനുള്ള ഒരേയൊരു ആഗ്രഹമാണ് എന്നെ ഇത്തരത്തിൽ മാറാൻ പ്രേരിപ്പിച്ചത്’ വികാരധീനനായി വിക്രം പറഞ്ഞു.
about vikram
