News
ഇത് നഷ്ടപ്പെടുത്തരുത്, പോകൂ, ഇപ്പോള്‍ത്തന്നെ കാണൂ…, ആമിര്‍ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെ കുറിച്ച് ഹൃത്വിക് റോഷന്‍
ഇത് നഷ്ടപ്പെടുത്തരുത്, പോകൂ, ഇപ്പോള്‍ത്തന്നെ കാണൂ…, ആമിര്‍ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെ കുറിച്ച് ഹൃത്വിക് റോഷന്‍
റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ച ചിത്രമായിരുന്നു ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ലാല്‍ സിംഗ് ഛദ്ദ. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ക്യാംപെയ്‌നുകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ വിജയം കൈവരിക്കാന്‍ ചിത്രത്തിന് ആയിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍. തനിക്ക് ചിത്രം നല്‍കിയ അനുഭവം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്.
‘ഞാന്‍ ലാല്‍ സിംഗ് ഛദ്ദ കണ്ടു. ഈ സിനിമയുടെ ഹൃദയം എനിക്ക് മനസിലായി. ഗുണദോഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സിനിമ ഗംഭീരമാണ്. ഇത് നഷ്ടപ്പെടുത്തരുത്. പോകൂ. ഇപ്പോള്‍ത്തന്നെ കാണൂ. മനോഹരമാണ് ഇത്. ഏറെ മനോഹരം’, എന്നും ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ചിത്രത്തിന്റെ റിലീസ് ദിന കളക്ഷന്‍ 11.70 കോടിയും വെള്ളിയാഴ്ച കളക്ഷന്‍ 7.26 കോടിയുമായിരുന്നു.
ഇന്ത്യയില്‍ നിന്നു നേടിയ ഗ്രോസ് ആണിത്. അതായത് രണ്ട് ദിനങ്ങളില്‍ നിന്ന് 18.96 കോടി. ലാല്‍ സിംഗ് ഛദ്ദയില്‍ നിന്ന് സിനിമാലോകം പ്രതീക്ഷിച്ചിരുന്നത് ഇതിലും ഏറെ വലുതായിരുന്നു. അതേസമയം ഞായര്‍, പൊതു അവധിദിനമായ തിങ്കള്‍ ദിവസങ്ങളിലെ കളക്ഷന്‍ ചിത്രത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.
