News
അറ്റാക്ക് ആണെന്നറിഞ്ഞില്ല; സ്വന്തമായി കാറോടിച്ച് അച്ഛൻ ആശുപത്രിയില്‍ പോയി; ഒരു അവാർഡ് കിട്ടണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്; പ്രതീക്ഷിച്ച സിനിമകളും ഉണ്ടായിരുന്നു; പക്ഷെ… ആ ദുഃഖം…; എന്‍എഫ് വര്‍ഗീസിന്റെ മകള്‍ പറയുന്നു!
അറ്റാക്ക് ആണെന്നറിഞ്ഞില്ല; സ്വന്തമായി കാറോടിച്ച് അച്ഛൻ ആശുപത്രിയില്‍ പോയി; ഒരു അവാർഡ് കിട്ടണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്; പ്രതീക്ഷിച്ച സിനിമകളും ഉണ്ടായിരുന്നു; പക്ഷെ… ആ ദുഃഖം…; എന്‍എഫ് വര്‍ഗീസിന്റെ മകള്‍ പറയുന്നു!
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൾ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് എന്‍എഫ് വര്‍ഗ്ഗീസ്. വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം മലയാളികൾക്കിടയിൽ സജീവമായിരുന്നു. വോയ്സ് മോഡുലേഷന് കൊണ്ട് അദ്ദേഹം സൃഷ്ടിച്ച ഇംപാക്ട് വളരെ വലുതായിരുന്നു. നരസിംഹം, പ്രജ, ആകാശദൂത് തുടങ്ങി ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന എത്രയെത്ര പ്രകടനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകള്‍ സോഫിയ വര്‍ഗ്ഗീസും സിനിമയിലെത്തിയിരിക്കുകയാണ്. എന്‍എഫ് വര്‍ഗ്ഗീസിന്റെ 20-ാം ചരമ വാര്‍ഷികത്തില്‍ സോഫിയ എത്തുന്നത് നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞാണ്.
പ്യാലി എന്ന ചിത്രവുമായാണ് സോഫിയയുടെ സിനിമാ എന്‍ട്രി. തന്റെ പിതാവിനെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ സോഫി മനസ് തുറക്കുകയാണ്. ഒരു മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോഫിയ മനസ് തുറന്നത്.
സോഫിയയയുടെ വാക്കുകൾ വായിക്കാം…. “അപ്പച്ചി മരിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കണം എന്ന ആഗ്രഹത്തിലാണ് സിനിമ മേഖലയിലേക്കു തന്നെ വന്ന് നിര്‍മാണ രംഗത്തു ചുവട് വച്ചതെന്നാണ് സോഫിയ പറയുന്നത്. ഒരു അവാര്‍ഡ് ലഭിക്കണമെന്നതായിരുന്നു അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം. പല സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ അമ്മച്ചിയോട് അക്കാര്യം പങ്കുവയ്ക്കുമായിരുന്നുവെന്നും സോഫിയ ഓര്‍ക്കുന്നുണ്ട്.
സമുദായം, പ്രജ, പത്രം, ഈ പുഴയും കടന്ന്, ലേലം തുടങ്ങിയ സിനിമകള്‍ക്കു അപ്പച്ചി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും സോഫിയ ഫറയുന്നുണ്ട്. എന്നാല്‍ അവാര്‍ഡ് കിട്ടാതെ വരുമ്പോള്‍ അതിയായ ദുഃഖം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും താരപുത്രി ഓര്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സോഫിയ നിര്‍മ്മിച്ച പ്യാലിയ്ക്ക് മികച്ച ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.
2002 ജൂണിലാണ് അപ്പച്ചി മരിച്ചത്. എന്നാല്‍ 2022 മേയില്‍ അപ്പച്ചിയുടെ പേരില്‍ ആരംഭിച്ച കമ്പനി നിര്‍മിച്ച സിനിമയ്ക്ക് 2 സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നത് ഒരുപക്ഷേ നിയോഗമായിരിക്കാമെന്നാണ് മകള്‍ പറയുന്നത്. എന്‍എഫ് വര്‍ഗീസ് എന്ന അച്ഛനെക്കുറിച്ചും മകള്‍ മനസ് തുറക്കുന്നുണ്ട്. അപ്പച്ചിക്ക് ചെറിയ കാര്ക്കശ്യമുണ്ടായിരുന്നുവെന്നാണ് മകള്‍ പറയുന്നത്. അപ്പച്ചി എപ്പോഴും തിരക്കായതിനാല്‍ സത്യത്തില്‍ മമ്മിയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നതെന്നും സോഫിയ പറയുന്നു. അതേസമയം വീട്ടിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ മേല്നോട്ടമുണ്ടായിരുന്നുവെന്നും സോഫിയ പറയുന്നു.
മക്കളെ നന്നായി പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കണമെന്നു അപ്പച്ചിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിക്കണം, പ്രാര്‍ഥിക്കണം, പത്ത് മണികഴിഞ്ഞാല്‍ ടിവി വയ്ക്കരുത്, രാത്രി നേരത്തേ ഉറങ്ങണം.. അങ്ങനെ ഒരുപാട് ചിട്ടകള്‍ അപ്പച്ചിക്കുണ്ടായിരുന്നുവെന്നാണ് സോഫിയ പറയുന്നത്. അപ്പച്ചി ഒരു കാര്യം നോ പറഞ്ഞാല്‍ അത് പിന്നെ ഒരിക്കലും യെസ് ആകില്ലായിരുന്നുവെന്നും സോഫിയ ഓര്‍ക്കുന്നു. അതുകൊണ്ടു തന്നെ എല്ലാകാര്യവും മമ്മി വഴിയാണ് അവതരിപ്പിക്കാറെന്നും സോഫിയ ഫറയുന്നു. ഡിപ്ലോമാറ്റിക് ആയി സംസാരിക്കാന്‍ അപ്പച്ചിക്ക് അറിയില്ലായിരുന്നു. എന്ത് മനസ്സിലുണ്ടെങ്കിലും അത് മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലമായിരുന്നുവെന്നും സോഫിയ പറയുന്നുണ്ട്.
“അപ്രതീക്ഷിതമായിട്ടായിരുന്നു അപ്പച്ചിയെ മരണം കവര്‍ന്നത്. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പുറം വേദനയായിരുന്നു കാരണം. അറ്റാക്ക് ആണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയാം. വേദന കുറയാതെ വന്നതോടെ കാറോടിച്ച് ആശുപത്രിയില്‍ പോയതെല്ലാം അപ്പച്ചി തനിച്ചായിരുന്നു. എന്നാല്‍ യാത്ര കഴിഞ്ഞ് അപ്പച്ചി തിരിച്ചുവന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സോഫിയ പറയുന്നത്.
അപ്പച്ചിയും അമ്മയും 4 മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. 52ാം വയസ്സില്‍ അപ്പച്ചി മരിക്കുമ്പോള്‍ എന്റെ വിവാഹം കഴിഞ്ഞ് 6 മാസമേ ആയിട്ടുള്ളു. ഞാന്‍ അന്ന് അമേരിക്കയിലാണ്. സഹോദരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇളയ അനിയത്തി 10ാം ക്ലാസില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം ആകെ തകര്‍ന്നുപോയ സമയമായിരുന്നുവെന്നും സോഫിയ പറയുന്നു. എന്നാല്‍ അമ്മച്ചി തളരാതെ പിടിച്ചു നിന്നുവെന്ന് സോഫിയ പറയുന്നു.
അമ്മച്ചി അപ്പച്ചിയുടെ ആഗ്രഹം പോലെ തന്നെ എല്ലാവരേയും പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചുവെന്നും സോഫിയ പറയുന്നു. അതേസമയം, അപ്പച്ചിയുടെ കുറവ് എന്നും ജീവിതത്തില്‍ ഉണ്ടെന്ന് ആ മകള്‍ പറയുന്നു. എല്ലാ മുന്‍നിര താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്പച്ചിയുടെ മരണശേഷം ഞങ്ങള്‍ക്കു സിനിമ ലോകത്തു നിന്നുള്ള ബന്ധങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും സോഫിയ പറയുന്നു. അപ്പച്ചിയുടെ ഏതാനും സുഹൃത്തുക്കള്‍ അല്ലാതെ മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ പ്യാലിയിലൂടെ വീണ്ടും ആ ലോകത്തേക്കു തിരിച്ചെത്തിയിരിക്കുയാണെന്നും സോഫിയ പറയുന്നു.
ഒരു കാലഘട്ടത്തിന്റെ മുഖങ്ങളിൽ എന്നും എന്‍എഫ് വര്‍ഗീസ് ഉണ്ടാകും. ആ മുഖവും ശബ്ദവും ആർക്കും അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മരിച്ചാലും ഓർക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി എന്ന് കരുതാം.
about news
