പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം? പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും ; എം കെ മുനീറിനെ പരിഹസിച്ച് ഹരീഷ് പേരടി!
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഹരീഷ് പേരടി . അഭിനേതാവിനപ്പുറം സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങൾ തന്റെ നിലപാട് തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ് .ഇപ്പോഴിതാ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കാനൊരുങ്ങുന്ന ജെൻഡർ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച് മുനീർ രംഗത്തുവന്നതിനെ പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. പിണറായിയോട് സാരി ധരിക്കാനുള്ള എം കെ മുനീറിന്റെ ആശയം നല്ലതാണ്. പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരവും മാതൃകാപരമാകുമെന്നും ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം
കുറിപ്പിന്റെ പൂർണ്ണ രൂപം:
‘പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം?’; ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീർ….പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്..പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും…മാതൃകാപരമാവും…
നേരത്തെ ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ എംകെ മുനീർ രംഗത്തുവന്നിരുന്നു. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ സ്കൂളുകളിൽ മതനിഷേധം നടപ്പിലാക്കാൻ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്കൂളിൽ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലീഗ് നേതാവിന്റെ വിമർശനം.ജെൻഡർ ന്യൂട്രാലിറ്റിയെ എതിർത്തുകൊണ്ട് വിചിത്രവാദങ്ങളാണ് മുസ്ലീം ലീഗ് നേതാവ് പ്രസംഗത്തിനിടെ ഉന്നയിച്ചത്. ‘ലോകത്ത് ലിംഗസമത്വം വന്നാൽ പെൺകുട്ടികളെ എടാ എന്നാകും വിളിക്കുക. പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നതിന് പകരം ആൺകുട്ടികൾ ചുരിദാർ ധരിക്കട്ടെ,’ മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ധരിച്ചാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചു. മുനീറിന്റെ പരാമർശങ്ങൾക്ക് വൻ കൈയ്യടിയാണ് സദസ്സിൽ നിന്ന് ലഭിച്ചത്.
എം കെ മുനീർ പ്രസംഗിച്ചത്:
ഇനി ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സ്ത്രീ പുരുഷനും തുല്യതയുണ്ടാകണം, അതായത് ഇനി മുതൽ സ്കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത് റൂമേ ഉണ്ടാകുകയുള്ളൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കുന്നതിന് വേണ്ടി ഇവർ മതമില്ലാത്ത ജീവൻ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ജെൻഡർ ന്യൂട്രാലിറ്റിയെന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
പക്ഷെ, അവിടെ സ്ത്രീകളോട് അവർ നടത്തുന്ന വിവേചനം എന്താണെന്ന് അറിയാമോ?. ഇപ്പോൾ ബാലുശ്ശേരിയിൽ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെൺകുട്ടികളോട് പാന്റും ഷർട്ടും ഇടാൻ പറഞ്ഞു. ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്ന് കഴിഞ്ഞാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കുക. അപ്പോൾ ഞാൻ ചോദിക്കട്ടെ, എന്തുകൊണ്ട് അവിടെ ആണിന്റെ സ്ഥാനത്തിന് ഇവർ കൂടുതൽ വില കൊടുക്കുന്നു? അവിടെ ഒരു ആൺകോയ്മ വീണ്ടുമുണ്ട്. തിരിച്ച് പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല.
എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്ക് പോകും. അത് കുഴപ്പമില്ല, പക്ഷെ വേറൊരു കാര്യം. പെൺകുട്ടികൾ പാന്റും ഷർട്ടും ഇടണം, ആൺകുട്ടികളേപ്പോലെ. ഞാൻ ചോദിക്കട്ടെ എന്തുകൊണ്ട് തിരിച്ചായി കൂടാ. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരൂലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയേക്കൊണ്ട് പാന്റ് ഇടീക്കുന്നത്?
പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? അപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് പുതിയ ജെൻഡർ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ അധഃപതനത്തിലേക്ക് കൊണ്ടുപോകുകയും പുരുഷ കോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. അതുകൊണ്ട് പ്രിയപ്പെട്ടവരെ, ഇതിൽ മതവും മാർക്സിസവും തമ്മിലുള്ള ബന്ധം എന്തെന്ന് തിരിച്ചറിയുക.
