Malayalam
ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല; എവിടെ ചെന്നാലും സോമുവിന്റെ വിശേഷങ്ങൾ മാത്രം
ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല; എവിടെ ചെന്നാലും സോമുവിന്റെ വിശേഷങ്ങൾ മാത്രം
ബിഗ് ബോസ് മലയാളം സീസണ് രണ്ട് ആദ്യത്തെ 17 മത്സരാര്‍ഥികളുമായി ആരംഭിക്കുമ്പോള്‍ അതില്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു മുഖമായിരുന്നു സോമദാസ്. മുന്‍പ് ഏഷ്യാനെറ്റിന്റെ തന്നെ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെ സംഗീതപ്രേമികളുടെയിടയില്‍ സ്ഥാനംപിടിച്ച ഗായകന് കൂടിയായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റോളമെങ്കിലുമായി സംഗീതവേദികളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു സുഹൃത്തുക്കള്‍ ‘സോമു’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സോമദാസ്. സോമദാസിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് എല്ലാവരും. പ്രിയപ്പെട്ട സോമു ഇനി കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്
2008 ലെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഏറെ ജനപ്രീതി നേടിയ ഗായകനായിരുന്നു സോമദാസ് എന്നാണ്
വിവേകാനന്ദന് പറയുന്നത് . മാധ്യമത്തിന് നല്കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം സോമുവിനെക്കുറിച്ച് പറഞ്ഞത്.
സോമദാസും ഞങ്ങളും അറിയപ്പെടുന്നത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. എന്നാല്‍ സോമദാസ് അതിനു മുന്‍പേ തന്നെ സ്റ്റേജുകളില്‍ പാടി ജനങ്ങളെ കയ്യിലെടുക്കുമായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം പരിപാടികള്‍ക്ക് വരുമായിരുന്നു. ഞങ്ങളെയൊക്കെ പാടി കയ്യിലെടുത്ത ആളാണ്. പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. അദ്ദേഹം ഒരു ഗുരുവില്‍ നിന്നും പാട്ട് പഠിച്ചതല്ല. ബോണ്‍ ടാലന്റായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ജഡ്ജസിന്റെയും ഞങ്ങളുടെയും കണ്ണുനിറച്ചിരുന്നു. മനസ് തുറന്നു പറയുകയാണ്, ആ ഒരു സീസണില്‍ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല. എവിടെ ചെന്നാലും സോമുവിന് സുഖമല്ലേ, എന്ത് ചെയ്യുന്നു, അന്വേഷണം പറയണം ഇതുമാത്രമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്.
അങ്ങനെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുക എന്നു പറയുന്നത് ദൈവാനുഗ്രഹമാണ്. സ്റ്റാര്‍ സിംഗറില്‍ റൂം ഷെയറിംഗടക്കം ഒരുപാട് സമയം ഒന്നിച്ചുണ്ടായിരുന്നു. നാളുകളായി പാട്ട് പഠിച്ച ഒരാളില്‍ നിന്നും കിട്ടുന്ന അറിവിനേക്കാള്‍ സ്റ്റേജില്‍ പാടിയുള്ള അനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു. സ്റ്റേജില്‍ കയറിയാല്‍ സോമു വേറെ ഒരാളാണ്. പത്തിരട്ടി എനര്‍ജി എവിടെ നിന്നൊക്കയോ വരും. എങ്ങനെയാണ് സോമു ട്രാന്‍സ്ഫോം ചെയ്യപ്പെടുന്നതെന്ന് പറയാനാവില്ല. സോമുവിനെ പറ്റി ഇപ്പോള്‍ ചോദിച്ചാല്‍ വികാരഭരിതനായി പോകും. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ദുഖം താങ്ങാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലോകം മുഴുവനുമുള്ള ആരാധകര്‍ക്കും സാധിക്കട്ടെയെന്നേ പറയാനുള്ളുവെന്നുമായിരുന്നു വിവേകാനന്ദന് പറഞ്ഞത്.
