Malayalam
ഭൂമാഫിയ തട്ടിയെടുത്ത നഞ്ചിയമ്മയുടെ കുടുംബ സ്വത്തായ നാല് ഏക്കര്‍ ഭൂമി തിരികെ ലഭിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണം; വൈറലായി കുറിപ്പ്
ഭൂമാഫിയ തട്ടിയെടുത്ത നഞ്ചിയമ്മയുടെ കുടുംബ സ്വത്തായ നാല് ഏക്കര്‍ ഭൂമി തിരികെ ലഭിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണം; വൈറലായി കുറിപ്പ്
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കലാക്കാത്ത സന്ദന മേരം’ എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം നേടിയ സന്തോഷത്തിലാണ്. അട്ടപ്പാടി ഗൂളിക്കടവ് നക്കുപ്പതി ഊരിലെ നഞ്ചിയമ്മ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.
ഇതിനിടയിലും ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറം നഞ്ചിയമ്മ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നത്തെ ചൂണ്ടിക്കാട്ടുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്. ഭൂമാഫിയ തട്ടിയെടുത്ത നഞ്ചിയമ്മയുടെ കുടുംബ സ്വത്തായ നാല് ഏക്കര്‍ ഭൂമിക്ക് വേണ്ടിയുളള പോരാട്ടത്തിലാണ് നഞ്ചിയമ്മയെന്ന് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
‘1987ല്‍ നഞ്ചിയമ്മയുടെ ഭര്‍ത്താവ് നഞ്ചപ്പന്റെ പിതാവ് നാഗ മൂപ്പന് സ്വന്തം ഭൂമി അപഹരിച്ചെടുത്തത്തിനെതിരെ ആര്‍ഡിഒ യ്ക്ക് പരാതി നല്‍കിയിരുന്നു. 1995ല്‍ നഞ്ചിയമ്മയ്ക്ക് അനുകൂലമായി നാല് ഏക്കര്‍ ഭൂമി അനുവദിച്ചു കൊണ്ട് കോടതി ഉത്തരവായി. എതിര് കക്ഷിയായ കന്തസാമി ബോയന്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിയിരുന്നു വിധി. അന്ന് മുതല്‍ കൈവശമുളള നാല് ഏക്കര്‍ ഭൂമിയില്‍ നഞ്ചിയമ്മ കൃഷി ചെയ്യുകയായിരുന്നു’.
‘എന്നാല്‍ പിന്നീട് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകള്‍ വ്യാജ നികുതി രസീത് സംഘടിപ്പിച്ച് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് എക്സ് പാര്‍ട്ടി വിധി സമ്പാദിച്ച് വ്യാജ രേഖകള്‍ ചമച്ച് ഭൂമിയുടെ ആധാരം മാഫിയ സ്വന്തം പേരിലാക്കുകയും ചെയ്തു. 1975 ലെ ആദിവാസി ഭൂനിയമത്തിന് പകരമായി 1999ല്‍ ഗവണ്മെന്റ് പാസ്സാക്കിയ അമെന്റ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാലേക്കര്‍ ഭൂമി കന്തസാമി ബോയലിന് വിട്ടുകൊടുക്കണമെന്ന് ഒറ്റപ്പാലം ആര്‍ഡിഒ ഉത്തരവിട്ടു. നഞ്ചിയമ്മയും കുടുംബവും ഇതിനെതിരെ അപ്പീല്‍ നല്കി’.
‘സിപിഐക്കാരനായ ജോസഫ് കുര്യന്, കെ വി മാത്യുവുമായി ചേര്‍ന്ന് നിലവില്‍ സിപിഐ (എംഎല്) റെഡ്സ്റ്റാര്‍ സംസ്ഥാനകമ്മിറ്റി അംഗവും ഓള് ഇന്ത്യാക്രാന്തികാരി കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റുമായ സുകുമാരനെ ഒന്നാം പ്രതിയാക്കി നഞ്ചിയമ്മയില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് കോടതിയിലും ഹൈക്കോടതിയിലുമായി രണ്ടു ഹര്‍ജികള്‍ സമര്‍പ്പിച്ചു.
2013ല്‍ മരിച്ചു പോയ നഞ്ചപ്പന് 2019ല്‍ തങ്ങളെ ആക്രമിച്ചു എന്ന വ്യാജ മൊഴി നല്‍കിയാണ് ഇവര്‍ കോടതി സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഈ ഹര്‍ജി തള്ളിക്കളഞ്ഞുവെങ്കിലും റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയക്കാരായ എതിര്‍കക്ഷികളുടെ കേസ് ഇപ്പോഴും നിലനില്ക്കുന്നു’, എന്നും കുറിപ്പില്‍ പറയുന്നു.
