News
പുതിയ ബ്ലാക്ക് പാന്തര്‍ ആര്? നായകന്റെ മുഖം വെളിപ്പെടുത്താതെ ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവറി’ന്റെ ആദ്യ ടീസര്‍
പുതിയ ബ്ലാക്ക് പാന്തര്‍ ആര്? നായകന്റെ മുഖം വെളിപ്പെടുത്താതെ ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവറി’ന്റെ ആദ്യ ടീസര്‍
റയാന് കൂഗ്ലറുടെ വരാനിരിക്കുന്ന ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവറി’ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സാന്‍ ഡീഗോ കോമിക് കോണ്‍ വേദിയില്‍ വച്ചായിരുന്നു ടീസര്‍ പുറത്തുവിട്ടത്. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന് ചാഡ്വിക്ക് ബോസ്മാന്റെ വേര്‍പാടിന്റെ ശൂന്യത ടീസര്‍ ഉചിതമായി ചിത്രീകരിക്കുന്നുണ്ട്.
ടീസറില്‍ പുതിയ നായകനെ പറ്റി പറയുന്നുണ്ടെങ്കിലും,അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ഇത് ഷൂറിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ബ്ലാക്ക് പാന്തര്‍ 2 നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. റയാന് കൂഗ്ലറും ജോ റോബര്‍ട്ട് കോളുമായി ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
നകിയയായി ലുപിറ്റ ന്യോങ്കോ, ഒക്കോയിയായി ദനായി ഗുരിര, റമോണ്ടയായി ഏഞ്ചല ബാസെറ്റ്, എവററ്റ് കെ റോസായി മാര്ട്ടിന് ഫ്രീമാന്‍, ഷൂരിയായി ലെറ്റിഷ്യ റൈറ്റ്, എംബാക്കു ആയി വിന്‍സ്റ്റണ്‍ ഡ്യൂക്ക് എന്നിവരുള്‍പ്പെടെ പ്രധാന അഭിനേതാക്കളില്‍ ഭൂരിഭാഗം അഭിനേതാക്കളും വഗാണ്ട ഫോര്‍ എവറി’ല്‍ ഉണ്ടാകും.
2020 ഓഗസ്റ്റ് 29ന് ആയിരുന്നു ചാഡ്വിക് ബോസ്മന് അന്തരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ബോസ്മന് ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി സിനിമകളുടെയും ഭാഗമായി.
