News
ചിത്രം കണ്ട് ആമിറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ചിരഞ്ജീവി; വികാരാധീനനായി ആമിര്‍ ഖാന്; വൈറലായി വീഡിയോ
ചിത്രം കണ്ട് ആമിറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ചിരഞ്ജീവി; വികാരാധീനനായി ആമിര്‍ ഖാന്; വൈറലായി വീഡിയോ
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്. അദ്ദേഹം നായകനായി ഒരു ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് ഇപ്പോള്‍ നാല് വര്‍ഷത്തോളമാവുന്നു. കരിയറിലെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നായ ലാല്‍ സിംഗ് ഛദ്ദയ്ക്കുവേണ്ടി ശാരീരികമായ വലിയ മേക്കോവറുകള്‍ അദ്ദേഹത്തിന് ചെയ്യേണ്ടിയിരുന്നു. കൊവിഡ് പ്രതിസന്ധി ചിത്രീകരണത്തെ ബാധിച്ചതും റിലീസ് നീണ്ടുപോയതിന് കാരണമായി.
ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പ്രിവ്യൂ ഹൈദരാബാദില്‍ നടന്നു. ചിരഞ്ജീവിയുടെ വീട്ടില്‍ വച്ചായിരുന്നു അത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്. റിലീസിനു മുന്നോടിയായാണ് പ്രത്യേക പ്രിവ്യൂ നടന്നത്.
എസ് എസ് രാജമൌലി, നാഗാര്‍ജുന, നാഗചൈതന്യ, രാം ചരണ്‍, പുഷ്പ സംവിധായകന് സുകുമാര്‍ എന്നിവര്‍ക്കൊപ്പമിരുന്ന് ചിത്രം കാണാന്‍ ആമിര്‍ ഖാന് തന്നെയെത്തി എന്നതായിരുന്നു പ്രിവ്യൂവിന്റെ പ്രത്യേകത. ചിത്രം കണ്ട് ആമിറിനെ കെട്ടിപ്പിടിച്ചാണ് ചിരഞ്ജീവി അഭിനന്ദനം അറിയിച്ചത്. പ്രിവ്യൂ വേദിയില്‍ നിന്നുള്ള ലഘു വീഡിയോ ചിരഞ്ജീവി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ക്കിടെ വികാരാധീനനായ ആമിര്‍ ഖാനെ വീഡിയോയില്‍ കാണാം. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
