News
ആദിത്യ കരികാലന് കുറി തൊട്ടിരിക്കുന്നു; നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ കോടതി നോട്ടീസ്
ആദിത്യ കരികാലന് കുറി തൊട്ടിരിക്കുന്നു; നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ കോടതി നോട്ടീസ്
‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയുടെ ടീസര്‍ റിലീസിന് പിന്നാലെ നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ കോടതി നോട്ടീസ്. ചോളന്മാരുടെ ചരിത്രം തെറ്റായി കാണിച്ചു എന്നാരോപിച്ച് അഭിഭാഷകനായ സെല്‍വം ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചോളന്മാര് നെറ്റിയില്‍ കുറി തൊടുകയില്ലായിരുന്നു എന്നും ടീസറില്‍ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന് കുറി തൊട്ടിരിക്കുന്നതായും സെല്‍വം പറയുന്നു.
ഇത് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമയുടെ റിലീസിന് മുന്നേ തനിക്കായി ഒരു പ്രത്യേക സ്ക്രീനിങ്ങ് ഒരുക്കണമെന്നും അദ്ദേഹം നോട്ടീസില്‍ പറയുന്നു. നേരത്തെ വിക്രമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത സമയവും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് പോസ്റ്ററില്‍ കാണിക്കുന്നത്. ചോളന്മാര് ശൈവ ഭക്തരായിരുന്നു എന്നും മണിരത്നത്തിന്റെ ആര്യവല്ക്കരണമാണിത് എന്നും പറയുന്നു. ‘വീ ദ്രവീഡിയന്‍സ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്വന്’ നിര്‍മ്മിക്കുന്നത്.
