News
“ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് എനിക്ക് സങ്കടമാണ്…; എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞ ആ ആഗ്രഹം നീ എന്റെ ഒപ്പം വരുമോ” ; പ്രതാപ് പോത്തനെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ലാൽ ജോസ്; കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ!
“ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് എനിക്ക് സങ്കടമാണ്…; എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞ ആ ആഗ്രഹം നീ എന്റെ ഒപ്പം വരുമോ” ; പ്രതാപ് പോത്തനെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ലാൽ ജോസ്; കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ!
നടന് പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ഇന്ന് രാവിലെ ചെന്നൈയിലെ താമസിച്ചിരുന്ന ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമായി പുറത്തുവരുന്ന റിപ്പോർട്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന് തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ. പ്രതാപ് പോത്തന്റെ ആകസ്മിക വേര്‍പാടില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആരാധ്യപുരുഷനായിരുന്നു പ്രതാപ് പോത്തനെന്നാണ് സംവിധായകന് ലാല്‍ ജോസ് പറയുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ പ്രതാപ് പോത്തന് ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ ജോസ് പ്രതാപ് പോത്തനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ലാല്‍ ജോസിന്റെ വാക്കുകൾ വായിക്കാം… ‘ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഒന്നിലെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായത് അയാളും ഞാനും എന്ന സിനിമയിലൂടെയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് എന്നെ ഏറെ വേദനിപ്പിക്കുന്നു.
എന്റെ കോളജ് കാലത്തേ ഹീറോ ആയിരുന്നു പ്രതാപ് പോത്തന്. ആരവം, നവംബറിന്റെ നഷ്ടം പിന്നെ തമിഴിലെ വീണ്ടുമൊരു കാതല്‍ കതൈ തുടങ്ങി കുറെ സിനിമകള്‍, അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍, അങ്ങനെ സംവിധായകനായിട്ടും നടനായിട്ടും എന്നെ ഒരുപാട് ആകര്‍ഷിച്ച നടനായിരുന്നു അദ്ദേഹം.
എന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്റെ ഒരു സിനിമയില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്നുള്ളത്. 2012-ല്‍ ആണ് എന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് അത് സാധ്യമായത്. അതിനു മുന്‍പ് അദ്ദേഹം 22 ഫീമെയില്‍ കോട്ടയം എന്നൊരു ചിത്രത്തില്‍ വില്ലനായി അഭിനയിച്ചിരുന്നു.
ഞാന്‍ വിളിച്ചു കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. കാരണമായി അദ്ദേഹം പറഞ്ഞ വാക്കുകളുണ്ട്, ”ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് എനിക്ക് സങ്കടമാണ്, നിന്റെ സിനിമയുടെ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി” എന്നാണ്. എന്റെ സിനിമയിലേക്ക് വിളിച്ചതിന് നന്ദിയും പറഞ്ഞു.
സിനിമ ഇറങ്ങി കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു ”എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞിരുന്നു മലയാറ്റൂര്‍ പള്ളിയില്‍ നീ ഒന്ന് പോകണം എന്ന്, ഞാന്‍ ഇതുവരെ പോയിട്ടില്ല, ഈ സിനിമ വിജയിച്ചാല്‍ മലയാറ്റൂര്‍ പള്ളിയില്‍ പോകാം എന്ന് ഞാന്‍ കരുതിയിരുന്നു, നീ എന്റെ ഒപ്പം വരുമോ” എന്ന് ചോദിച്ചു.
അങ്ങനെ അദ്ദേഹം ചെന്നൈയില്‍ നിന്ന് എറണാകുളത്ത് വന്നു. ഞാന്‍ അദ്ദേഹത്തെ മലയാറ്റൂര്‍ പള്ളിയില്‍ കൊണ്ടുപോയി. അതൊന്നും എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹവുമായി ഉണ്ടായിട്ടുള്ള രസകരമായ സംഭാഷണങ്ങളും പ്രചോദനവുമൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്തും വേദനാജനകമാണ്.”ലാല്‍ ജോസ് പറയുന്നു.
about prathap pothan
