Malayalam
വിജയ് ബാബുവിന്റെ മാസ് എന്‍ട്രിയ്ക്ക് കുട പിടിച്ചത് ഇടവേള ബാബു; പരസ്യമായി ശകാരിച്ച് മോഹന്‍ലാല്‍; അമ്മയില്‍ നിന്നും ഇടവേളയെടുത്ത് ഇടവേള ബാബു
വിജയ് ബാബുവിന്റെ മാസ് എന്‍ട്രിയ്ക്ക് കുട പിടിച്ചത് ഇടവേള ബാബു; പരസ്യമായി ശകാരിച്ച് മോഹന്‍ലാല്‍; അമ്മയില്‍ നിന്നും ഇടവേളയെടുത്ത് ഇടവേള ബാബു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി രൂക്ഷമാണ്. വിജയ്ബാബുവിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. വിജയ്ബാബുവിനെ പുറത്താക്കണമെന്ന് ഒരുകൂട്ടരും അതിന് പറ്റില്ലെന്ന് മറ്റൊരു കൂട്ടരും വാദിച്ചതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് പരാതി പരിഹാര സെല്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.. അമ്മയിലിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്നായിരുന്നു അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്. നടന്മാരായ ഉണ്ണി മുകുന്ദന്, സിദ്ധിഖ് എന്നിവരെല്ലാം നടനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.
ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ മാത്രം ഒരാളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഉണ്ണി മുകുന്ദന് അറിയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടാന്‍ പരാതി പരിഹാര സമിതിക്ക് എന്ത് അധികാരം എന്നായിരുന്നു സിദ്ധിഖിന്റെ ചോദ്യം. ശ്വേതാ മേനോന്, കുക്കു പരമേശ്വരന്, രചന നാരായണന്‍കുട്ടി, മാലാ പാര്‍വ്വതി എന്നിവരാണ് പരാതി പരിഹാര സെല്‍ അംഗങ്ങള്‍. അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാലാ പാര്‍വ്വതിയായിരുന്നു ആദ്യം രാജിവെച്ചത്.
അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും കെബി ഗണേഷ് കുമാറും ഷമ്മി തിലകനും തമ്മിലുള്ള തര്‍ക്കങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് നടന് ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.
ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.
ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ ഉണ്ടായ കാരണമെന്ത് എന്ന് ചോദിച്ചുകൊണ്ട് കെബി ഗണേഷ് കുമാര്‍ മോഹന്‍ലാലിന് കത്ത് അയച്ചിരുന്നു. വീഡിയോ ‘അമ്മ’യുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി. യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിലും മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു.
വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്ക്കാന് പറയാമായിരുന്നും വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ജൂലൈ മൂന്നിനാണ് ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നടന്ന വിഷയങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ടുകൊണ്ട് സംഘടന പ്രസിഡന്റ് മോഹന്‍ലാലിന് ഗണേഷ് കുമാര്‍ കത്ത് നല്‍കിയത്. വിജയ് ബാബു യോഗത്തില്‍ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ ‘ക്ലബ്’ പരാമര്‍ശം, തുടര്‍ന്നുണ്ടായ വിവാദം, ‘അമ്മ’യില്‍ വര്‍ധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ ഒന്‍പത് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
അതേസമയം, ഷമ്മി തിലകനെതിരെയുള്ള നടപടികളില്‍ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകന് ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്കിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ എംഎല്‍എ നല്കിയ കത്തിന് രേഖാമൂലം മറുപടി നല്‍കുമെന്നും എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹന്‍ലാല്‍ നാളെ നല്‍കും. അതിന് ശേഷമായിരിക്കും വാര്‍ത്താക്കുറിപ്പ് പുറത്തുവിടുക.
