‘ ഒന്ന് വെച്ചിട്ട് പോടോ’ അഭിനന്ദിക്കാന്‍ വിളിച്ച മമ്മൂട്ടിയോട് അന്ന് ദേഷ്യപ്പെട്ടു; സംഭവം ഇങ്ങനെ;വെളിപ്പെടുത്തി രമ്യ നമ്പീശൻ !
അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്.
ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും കൈകാര്യം ചെയ്തിരുന്ന രമ്യ അനേകം ഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിട്ടായിരുന്നു രമ്യ തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യ നമ്പീശന് വെള്ളിത്തിരയിലെത്തുന്നത്.
ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. നടന് മമ്മൂട്ടി തന്നെ അഭിനന്ദിച്ച് ഫോണ്‍ വിളിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് പറയുകയാണ് താരം.വ്യാജ കോളുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത് സെലിബ്രിറ്റികളുടെ പേരില്‍ ആരോ വിളിച്ച് തന്നെ പറ്റിക്കാന്‍ ശ്രമിച്ചെന്നായിരുന്നു രമ്യ കരുതിയത്. എന്നാല്‍ വിളിച്ചത് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി തന്നെയായിരുന്നു. ഫ്ളവേഴ്സ് ടിവിയിലെ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവം ഇങ്ങനെ , പി.ബാലചന്ദ്രന് സംവിധാനം ചെയ്ത ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിലെ ‘ആണ്ടേ ലോണ്ടേ’ എന്ന ഗാനം ആലപിച്ച് രമ്യ നമ്പീശന് ഹിറ്റായ സമയം. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ആ സമയത്താണ് രമ്യ ഡ്രൈവിങ് പഠിക്കുന്നത്.
വളരെ ആശങ്കയില്‍ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കണ്ഫ്യൂഷനില് നില്‍ക്കുമ്പോഴാണ് ഒരുദിവസം രമ്യക്ക് ഒരു കോള്‍ വന്നത്. ‘ഹലോ, ഞാന്‍ മമ്മൂട്ടിയാണ്’. എന്നാല്‍ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകള്‍ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെന്ഷനില് നിന്നതിനാലും രമ്യ നമ്പീശന് പ്രതികരിച്ചത് ‘ ഒന്ന് വെച്ചിട്ട് പോടോ’ എന്നായിരുന്നു.അല്പസമയത്തിന് ശേഷം മമ്മൂട്ടിയുടെ സുഹൃത്ത് ജോര്‍ജ് വിളിച്ചിട്ട് പറഞ്ഞു, മോളെ അത് ശരിക്കും മമ്മൂട്ടിയാണ്. അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാന്‍ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു.
‘പിന്നീട് ഒരിക്കല്‍ ഒരു മീറ്റിങ്ങിന് പോയപ്പോള്‍ മമ്മൂക്കയെ കണ്ട് സോറിയൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം ആ…സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ഞാന്‍ ശരിക്കും ചമ്മിപ്പോയതു പോലെയായിരുന്നു. പക്ഷെ, അദ്ദേഹത്തിന് ആ സംഭവത്തില്‍ എന്നോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എന്ന് തോന്നുന്നു’. രമ്യ പറയുന്നു.
