ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കാറ്റഗറി ഉള്‍പ്പെടുത്തണം ; ആവശ്യമുന്നയിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍!
നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി നേരം എന്ന സിനിമയിലൂടെ എത്തിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍ . സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി അൽഫോൻസ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് ചിത്രത്തിലും അൽഫോൻസ് പുത്രൻ അഭിനയിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കാറ്റഗറി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നിലവില്‍ നടി, സഹനടി, ഗായിക എന്നീ കാറ്റഗറികളിലാണ് സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ബാക്കിയുള്ള കാറ്റഗറിയിലും അങ്ങനെ തന്നെയാവണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറഞ്ഞു.
ദേശീയ അവാര്‍ഡില്‍ വനിതകള്‍ക്ക് മൂന്ന് വിഭാഗങ്ങള്‍ മാത്രമാണുള്ളത്. നടി, സഹനടി, ഗായിക. ബാക്കിയുള്ള അവാര്‍ഡുകളില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തുക. ഉദാ: മികച്ച സംവിധായിക, മികച്ച സംഗീത സംവിധായിക, മികച്ച സ്ത്രീ കൊറിയോഗ്രാഫര്‍, എല്ലാ വിഭാഗങ്ങളും. ആദ്യ വര്‍ഷങ്ങളില്‍ കുറവായിരിക്കാം. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് പുരുഷന്മാര്‍ക്ക് തുല്യമാകുമെന്ന് കരുതുന്നു. അവാര്‍ഡ് പ്രോഗ്രാം അര മണിക്കൂര്‍ കൂടി നീട്ടിയേക്കാം. അതൊരു വലിയ പ്രശ്നമാകില്ലെന്നാണ് ഞാന്‍ കരുതുന്നത്, അല്‍ഫോണ്‍സ് ഫോസ്ബുക്കില്‍ കുറിച്ചു.
ഇന്ന് റിയലിസ്റ്റിക് സിനിമകളെ പറ്റിയും അല്‍ഫോണ്‍സ് കുറിപ്പ് പങ്കുവെച്ചിരുന്നു. ‘എന്താണ് റിയലിസ്റ്റിക് സിനിമ? ഷൂട്ടിങ്ങിനായി ക്യാമറ ഓണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സിനിമയില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോ? ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? വ്യത്യസ്തമായി ചിന്തിക്കു.
എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്? എന്തെങ്കിലും സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണെന്നാണ് ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത്. ഒരു ആനയെ അത് എന്തോ അതുപോലെ വരയ്ക്കുവാന്‍ എളുപ്പമാണ്. ഒരാള്‍ പറക്കുന്ന ആനയെയോ അല്ലെങ്കില്‍ പാട്ടും കേട്ട് റോഡിലൂടെ നടക്കുന്ന ആനയെയോ വരച്ചാല്‍ എങ്ങനെയുണ്ടാകും ? ഈ സൃഷ്ടിപരമായ ഘട്ടം എന്തിനുവേണ്ടിയാണ് ? ആനയെ ക്ലീഷേ രീതിയില്‍ വരക്കുന്നതിന് ആണോ എപ്പോഴും അവാര്‍ഡ് നല്‍കുക?
പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? അല്ലെങ്കില്‍ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?, അല്‍ഫോണ്‍സ് ചോദിക്കുന്നു.
ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.
