അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നതാണ് എന്റെ രീതി; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്!
വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവതാരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിന്റെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ സിനിമായാത്ര ഏറെ വിസ്മയിപ്പിക്കുന്നതാണ്. . ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ്.വാശിയും ഡിയര്‍ ഫ്രണ്ടുമാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുത്തിരുന്നു. സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുന്ന ടൊവിനോ ഇച്ചായന് വിളിയെക്കുറിച്ചും പരാമര്‍ശിക്കുകയാണ്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നതാണ് എന്റെ രീതി. ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാറില്ല. പറഞ്ഞിട്ട് എന്താണ് പ്രയോജനം? കമന്റിടുന്നവര്‍ക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ, നമ്മള് കാരണം ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേ,’ ടൊവിനോ ചോദിക്കുന്നു.
ഇച്ചായന് വിളിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് ടൊവിനോ തോമസ്. ‘എനിക്ക് ആ വിളി വളരെ വിചിത്രമായാണ് അനുഭവപ്പെടുന്നത്. കാരണം എന്റെ പരിചയത്തിലുള്ള എല്ലാവരും എന്നെ ടോവി, ടോവിനോ, ചേട്ടാ, എടാ, ബ്രോ എന്നൊക്കെയാണ് വിളിക്കുന്നത്.
ഇച്ചായാ എന്ന് ആരും വിളിക്കാറില്ല. പക്ഷെ, സിനിമയിലെത്തിക്കഴിഞ്ഞപ്പോഴാണ് ഇങ്ങനെയുള്ള വിളികള്‍ കേട്ടു തുടങ്ങുന്നത്. പലപ്പോഴും അതെനിക്ക് ഇഷ്ടമാകുന്നതേയില്ല.എന്റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി വിളിക്കാനാണ് ഇപ്പോള്‍ ആ പദം ഉപയോഗിക്കുന്നത്. ഞാനൊരു കോട്ടയംകാരനായിരുന്നെങ്കില് എനിക്കാ വിളി കുഴപ്പമില്ലായിരുന്നു. പക്ഷെ, തൃശ്ശൂര്‍-ഇരിങ്ങാലക്കുട ഭാഗത്ത് അങ്ങനെയൊരു വിളിയില്ല. പിന്നെ എന്തിന് എന്നെ അങ്ങനെ വിളിക്കണം?.
നാട്ടുനടപ്പാണെങ്കില് കുഴപ്പമില്ലായിരുന്നു, അതല്ലാതെ ഒരു കാര്യം വന്നാല്‍ എനിക്കത് പ്രശ്നമാണ്. ഞാന്‍ സംവിധായന് ആഷിഖ് അബുവിനെ ആഷിക്കേട്ടാ എന്നാണ് വിളിക്കുന്നത്. അത് അദ്ദേഹം ഇതുവരെ തിരുത്തിയിട്ടില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല. അതുപോലെയാണ് പല കാര്യങ്ങളും.
ഇപ്പോഴത്തെ കാലത്ത് നമ്മള് ഏത് പക്ഷമാണെന്നാണ് ആളുകള്‍ക്ക് അറിയേണ്ടത്. ഞാന്‍ ഒരു പക്ഷത്തുമില്ല. നിഷ്പക്ഷതയാണ് എന്റെ പക്ഷം. ഏതെങ്കിലും ഒരു മതസംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മറ്റേതെങ്കിലും സംഘടനകളുടെയോ മുഖമാകാനോ വക്താവാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല.
കുറച്ച് ന്യൂട്രല്‍ സ്വഭാവത്തോടെ മുന്നോട്ട് പോകുന്നതായിരിക്കും നല്ലത്. ഇനിയുള്ള തലമുറകളും ഒരുപക്ഷെ, അതായിരിക്കാം പിന്തുടരുന്നത്.ജാതിയും മതവുമല്ല പ്രശ്നം, അതിന്റെ പേരിലുള്ള അക്രമങ്ങളാണ് പ്രശ്നം. യുക്തിയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷെ, എന്റെ വിശ്വാസങ്ങളെ ഞാന്‍ ആരുടെ മേലും കെട്ടിവെയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അതെന്നെയും എന്റെ വീട്ടുകാരെയും അറിയുന്നവര്‍ക്ക് മനസ്സിലാകും.’ ടൊവിനോ തോമസ് വ്യക്തമാക്കുന്നു.
