വിക്രത്തില്‍ സൂര്യ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെ; കയ്യടിച്ച് സോഷ്യൽ മീഡിയ !
ലോകേഷ് കനകരാജ് കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ തകര്‍ത്തോടി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ സൂര്യയും എത്തിയിരുന്നു. റോളക്‌സ് എന്ന വില്ലനായിട്ടായിരുന്നു വിക്രത്തില്‍ സൂര്യ എത്തിയത്.
ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് സൂര്യ അഭിനയിച്ചത് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തമിഴിലെ സിനിമ നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് സൂര്യ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല എന്നാണ് പ്രശാന്ത് രംഗസ്വാമി ട്വീറ്റ് ചെയ്തത്. വിവരം പുറത്ത് വന്നതോടെ സൂര്യക്ക് അഭിനന്ദനങ്ങളുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി.
നേരത്തെ വിക്രത്തിലെ കഥാപാത്രത്തിന് കമല്‍ഹാസന് നന്ദി പറഞ്ഞ് സൂര്യ രംഗത്തെത്തിയിരുന്നു. ‘പ്രിയപ്പെട്ട കമല്‍ഹാസന്‍ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‌നേഹം ആവേശഭരിതനാക്കുന്നു,’ എന്നാണ് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് വിക്രം.
പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ വിക്രം എത്തിയിരുന്നു. ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
