സ്വന്തം കല്യാണത്തിന് ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് പണമുണ്ടാക്കി സ്വര്‍ണം വാങ്ങുന്നു മാളവിക അഭിമാനമാണെന്ന് ആരാധകർ
നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ എന്നിവയിലെല്ലാം താരം പങ്കെടുത്തു
അതേസമയം, ചെറുപ്പം മുതൽ റിയാലിറ്റി ഷോകളിലൂടെ മാളവിക പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേകമായൊരു ഇഷ്ടം താരത്തിനോട് ഉണ്ട്. സോഷ്യൽ മീഡിയയിലൂടെയൊക്കെ സജീവമായ താരത്തിന് നിരവധി ആരധകരാണ് അവിടെയും ഉള്ളത്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും മാളവിക പങ്കെടുക്കുന്നുണ്ട്.
അടുത്തിടെയാണ് മാളവികയുടെ വിവാഹം തീരുമാനിച്ചത്. നടി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സർപ്രൈസായി വിവാഹ വിശേഷം പങ്കുവച്ചത്. നായികാ നായകനിൽ മാളവികയുടെ സഹ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ചെറിയ രീതിയിൽ നടത്തിയ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളൊക്കെ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളും ഓരോന്നായി മാളവിക പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ, വിവാഹത്തിന് സ്വർണമെടുക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മാളവിക. ആദ്യമേ ഒരു ക്ഷമാപണത്തോടെയാണ് മാളവിക വീഡിയോ ആരംഭിക്കുന്നത്. വിവാഹത്തിന് ക്ഷണിക്കേണ്ട തിരക്കും, പര്‍ച്ചേഴ്സ് ചെയ്യേണ്ട തിരക്കും, അതിനിടയില്‍ ഡാന്‍സ് സ്റ്റാര്‍സിന്റെ ഷൂട്ടും റിഹേഴ്സലും ഒക്കെയായി ആകെ മൊത്തം ബിസിയാണ്. അതിന് ഇടയില്‍ നിരന്തരമായി എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ അറിയിക്കാന്‍ സാധിച്ചില്ല. ഇനി അപ്പപ്പോൾ എല്ലാ വിശേഷങ്ങളും അറിയിക്കാം എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചത്.
ഭീമ, മലബാര്‍ എന്നിങ്ങനെ രണ്ടു ജ്വലറികളിൽ നിന്നായി രണ്ടു ദിവസം കൊണ്ടാണ് കല്യാണത്തിന് ആവശ്യമായ സ്വര്‍ണാഭരണങ്ങള്‍ എല്ലാം വാങ്ങിയത്. ഒട്ടും പ്ലാനിങ് ഇല്ലാതെയാണ് വീഡിയോ എടുക്കുന്നത്. എല്ലാം ഒരു ഹറി ബറിയായിരുന്നു എന്ന് മാളവിക പറയുന്നുണ്ട്. പിന്നീട് ആഭരണങ്ങൾ അണിഞ്ഞു നോക്കുന്നതും മറ്റുമാണ് മാളവിക കാണിക്കുന്നത്. അതേസമയം, എന്തൊക്കെ സ്വർണാഭരണങ്ങളാണ് വാങ്ങിയത് എന്നൊന്നും മാളവിക വീഡിയോയില്‍ കാണിക്കുന്നില്ല.
വിവാഹത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് ഫുള്‍ സെറ്റ് കല്യാണത്തിന് സര്‍പ്രൈസ് ആയി കാണിക്കാം എന്നാണ് മാളവിക പറഞ്ഞിരിക്കുന്നത്. നായികാ വെഡ്സ് നായകൻ എന്ന ഹാഷ് ടാഗോടെയാണ് താരംവീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, നിരവധി പേരാണ് മാളവികയ്ക്ക് വീഡിയോക്ക് താഴെ ആശംസകളുമായി എത്തുന്നത്. ഒപ്പം മാളവികയെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളും ഏറെയുണ്ട്.കല്യാണം കാണാനായി കാത്തിരിക്കുകയാണ് എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്, എല്ലാ അപ്ഡേഷനുകളും ഇവിടെ തരണേ എന്ന അഭ്യർത്ഥനയുമായും ചിലർ എത്തുന്നുണ്ട്. അതേസമയം, സ്വന്തം കല്യാണത്തിന് ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് പണമുണ്ടാക്കി സ്വര്‍ണം വാങ്ങുന്ന മാളവിക അഭിമാനമാണ് എന്ന് പറഞ്ഞും ചില കമന്റുകള്‍ വന്നിട്ടുണ്ട്. ഇന്നലെ പങ്കുവച്ച വീഡിയോ ഇതുവരെ ആറ് ലക്ഷത്തോളം ആളുകളാണ് കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിലാണ് വീഡിയോ.
അതേസമയം, അടുത്തിടെ ഡാൻസിംഗ് സ്റ്റാർസ് വേദിയിൽ മാളവികയ്ക്ക് ഒപ്പം തേജസും എത്തിയിരുന്നു. താൻ വിവാഹാഭ്യർത്ഥന നടത്തിയതിനെ കുറിച്ചും മാളവിക ആദ്യം ബ്രദർ ആക്കിയതിനെ കുറിച്ചുമൊക്കെ തേജസ് സംസാരിച്ചിരുന്നു. എന്തായാലും ഇവരുടെ കൂടുതൽ വിവാഹ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
