Malayalam
എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020ല്‍ അവര്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്; മംമ്തയെ പഞ്ഞിക്കിട്ട് മനോജ് വെള്ളനാട്
എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020ല്‍ അവര്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്; മംമ്തയെ പഞ്ഞിക്കിട്ട് മനോജ് വെള്ളനാട്
മലയാളികളുടെ പ്രിയ നടിയായ മംമ്ത മോഹന്‍ദാസിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം .സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം മമ്ത നടത്തിയ പ്രതികരണമാണ് ഇതിന് ആധാരം. സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണെന്നുമായിരുന്നു റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമ്ത പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ ശാക്തീകരണത്തിന്റെ ചരിത്രമോ അതിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ പറ്റിയോ അവരുടെയൊക്കെ തോളിലിരുന്നാണ് താനിന്നൊരു താരമായതെന്നോ മംമ്ത പഠിക്കണ്ടാ, പക്ഷെ കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും ഒന്ന് അറിഞ്ഞു വയ്ക്കണമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു
ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ്,
സത്യം പറഞ്ഞാലവരോടൊരു ബഹുമാനമുണ്ടായിരുന്നു. ക്യാന്‍സറിനെയും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കുകയും പബ്ലിക്കില്‍ എപ്പോഴും ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നൊരാളെന്ന നിലയില്‍. പക്ഷെ ഇന്നലെ കണ്ട റേഡിയോ ഇന്റര്‍വ്യൂ അതൊക്കെ തകര്‍ത്തു. എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020ല്‍ അവര്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്. വിമന്‍ എംപവര്‍മെന്റെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ജനിച്ചു വീഴുന്ന ആണ്‍കുട്ടികള്‍ വരെ ഭയക്കുന്നുണ്ടത്രേ.! ആ സ്റ്റേറ്റ്‌മെന്റിന്റെ അര്‍ത്ഥം തന്നെ മനസിലാവുന്നില്ല.
2020ല്‍ മംമ്ത മോഹന്‍ദാസ് എന്ന നടി ഇപ്പോള്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമിന്റെ അടിയില്‍ തപ്പിയാല്‍ കിട്ടും പി.കെ. റോസി മുതലിങ്ങോട്ടു മലയാള സിനിമ എംപവര്‍ ചെയ്ത് പാലൂട്ടി വളര്‍ത്തിയ നടിമാരുടെ എല്ലിന്‍ കഷ്ണങ്ങള്‍. അതിന്റെയൊക്കെ മുകളിലിരുന്നാണ്, പ്രിവിലേജിനേക്കാള്‍ നിലപാടുകള്‍ കൊണ്ട് ശബ്ദിക്കുന്ന ഒരുപറ്റം സിനിമാക്കാര്‍ മെല്ലെയെങ്കിലും ചില മാറ്റങ്ങള്‍ സിനിമാ മേഖലയില്‍ (അതിന്റെ പ്രതിധ്വനി എല്ലായിടത്തും എത്തും) കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ അവരെയൊക്കെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ പ്രഭാഷണം! വനിതാ ശാക്തീകരണത്തിന്റെ ചരിത്രമോ അതിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ പറ്റിയോ അവരുടെയൊക്കെ തോളിലിരുന്നാണ് താനിന്നൊരു താരമായതെന്നോ മംമ്ത പഠിക്കണ്ടാ, പക്ഷെ കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും ഒന്ന് അറിഞ്ഞു വയ്ക്കണം.
