Malayalam
കൃഷ്ണകുമാറിന്റെ കണ്ണില്‍ കുത്തിയത് ബിജെപി നേതാവ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു!
കൃഷ്ണകുമാറിന്റെ കണ്ണില്‍ കുത്തിയത് ബിജെപി നേതാവ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു!
മലയാളികള്‍ക്ക് കൃഷ്ണകുമാര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. പലതും സൈബര്‍ ആക്രമണങ്ങളിലേയ്ക്ക് കടക്കുന്നതും പതിവാണ്. നിലവില്‍ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.
കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ബി ജെ പി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയായ മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണ കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കുണ്ടറ പൊലീസിന്റെ നടപടി.
സി പി എമ്മിനെതിരെ പ്രസംഗിച്ചതിന് പിന്നാലെ താന്‍ ആക്രമിക്കപ്പെട്ടു എന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരാതി. പൊലീസ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പരാമര്‍ശിച്ച് സി പി എമ്മിനെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടയില്‍ മനപൂര്‍വം തിരക്കുണ്ടാക്കി സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി കുണ്ടറ പൊലീസില്‍ കൃഷ്ണകുമാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണ കുമാറിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്പെഷല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് സനല്‍ പിടിയിലാകുന്നത്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ കണ്ണില്‍ താക്കോല്‍ കൊണ്ടതാണ് എന്നാണ് സനല്‍ പറയുന്നത്.
അതേസമയം ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് പൊലീസ് സനലിന് എതിരെ ചുമത്തിയിരിക്കുന്നത്. മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണ കുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ കൃഷ്ണ കുമാര്‍ കുണ്ടറ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടി. വിശ്രമം നിര്‍ദേശിച്ചിരുന്നെങ്കിലും ബാന്‍ഡേജ് ഒട്ടിച്ച കണ്ണുമായി കൃഷ്ണ കുമാര്‍ പ്രചരണം തുടരുകയായിരുന്നു.
‘കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു തിക്കും തിരക്കുമുണ്ടായി. അത് ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. ഈ വേദിക്ക് തൊട്ടുമുന്‍പത്തെ വേദിയില്‍ തൃശൂര്‍ പൂരത്തിലെ വീഴ്ചയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അത് കഴിഞ്ഞുള്ള യോഗത്തിലാണ് സംഭവം. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു സാധനം കുത്തി,’ എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്. ആദ്യം കരുതിയത് അറിയാതെ കുത്തിയതായിരിക്കും എന്നാണ് എന്നും എന്നാല്‍ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് പിന്നീട് തോന്നിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് പരാതി കൊടുത്തത് എന്നും കൃഷ്ണ കുമാര്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ ത്രികോണമത്സരം നടക്കുന്ന കൊല്ലം ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ഭാര്യ സിന്ധു, മക്കള്‍ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, അഹാന കൃഷ്ണ, അന്‍സിക കൃഷ്ണ എന്നിവരാണ് കൊല്ലത്ത് എത്തിയത്.
സിന്ധു സംരംഭകയും അഹാനയും ഇഷാനിയും സിനിമാതാരങ്ങളും ദിയയയ്ക്കും അന്‍സികയ്ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്. കുറ്ച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട കുടുംബം വൈകിട്ട് കുണ്ടറ കേരളപുരത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ റാലിയിലും പങ്കെടുത്തു. ഭാര്യയും മക്കളും എത്തിയതില്‍ വളരെ സന്തോഷവാനാണെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞത്.
സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവസാന പത്തുദിവസം എല്ലാ തിരക്കുകളും മാറ്റിവച്ച് പ്രചാരണത്തിന് എത്താമെന്ന് മക്കള്‍ പറഞ്ഞിരുന്നു. മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളേക്കാള്‍ വൈകിയാണ് പ്രചരണ രംഗത്ത് എത്തിയത്. അതിനാല്‍ പരമാവധി പേരിലേക്ക് എത്താനായിരുന്നു ശ്രമം. ഡിജിറ്റല്‍ മീഡിയയിലൂടെ അതിന് സാധിച്ചിട്ടുണ്ട്. ഞാന്‍ ആരാണെന്നും സമൂഹത്തിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നുമെല്ലാം ഇതിനകം ജനം മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
